
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരം നാല് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിലെ പതിനാറുകാരിയെ വിവാഹം ചെയ്ത പ്രവാസിയായ വരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28) പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി.കെ.താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കാസർകോട് ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദ്ദേശ പ്രകാരം ശൈശവവിവാഹ നിരോധന ഓഫീസർ ബിജിയാണ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയ പെൺകുട്ടിയുടെയും ഉസ്താദിന്റെയും മൊഴികൾ, പിടിച്ചെടുത്ത സി സി ടി വി ദൃശ്യങ്ങളുടെയും, മറ്റു രേഖകളുടെയും വിവരങ്ങൾ തുടങ്ങിയവ കോടതിയിൽ ഹാജരാക്കിയിരുന്നു. ശൈശവ വിവാഹം നടത്തിയെന്ന് ബോദ്ധ്യപ്പെട്ടതിനാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ മുഴുവൻ നശിപ്പിച്ചിരുന്ന കാര്യവും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശൈശവവിവാഹ നിരോധന നിയമ പ്രകാരമുള്ള വകുപ്പിന് പുറമെ തെളിവുകൾ നശിപ്പിച്ച കുറ്റവും പ്രതികൾക്കെതിരെ ചുമത്തും. കാനത്ത് കല്ല്യാണം നടത്തി കൊടുത്തതായി പള്ളിയിലെ ഉസ്താദ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇതിനിടെ പതിനാറുകാരിയെ വിവാഹം ചെയ്യാൻ കൊറിയയിലെ ജോലിസ്ഥലത്ത് നിന്നും 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ വരൻ ഷാബിർ ഷെയ്ഖ് വിവാദമുയർന്നതിന് തൊട്ടുപിന്നാലെ മടങ്ങി. ചെന്നൈ വിമാനത്താവളം വഴിയാണ് ഈയാൾ കടന്നതെന്നാണ് വിവരം. കേസിലെ മൂന്നാം പ്രതിയായ പഞ്ചായത്ത് മെമ്പറും നിലവിൽ നാട്ടിലില്ല.
സാക്ഷികൾക്ക് വധഭീഷണിയും
ശൈശവ വിവാഹം പുറത്തുകൊണ്ടുവന്നവർക്ക് നേരെയും അന്വേഷണ സംഘത്തിന് മൊഴി നൽകിയ സാക്ഷികൾക്ക് നേരെ എടച്ചാക്കൈ അഴീക്കലിൽ ഗുണ്ടകളുടെ വധഭീഷണി. കൊല്ലുമെന്നും നാട്ടിൽ വെച്ചേക്കില്ലെന്നുമാണ് ഭീഷണി. ഇതിനെ തുടർന്ന് വെള്ളിയാഴ്ച ഇരുവിഭാഗത്തെയും ചന്തേര പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഇന്നലെയും ഇവരെ വിളിച്ചുവരുത്തി. അന്വേഷണ സംഘം ദൃശ്യങ്ങൾ എടുക്കാൻ പള്ളിയിൽ എത്തിയപ്പോഴും ഭീഷണിയുമായി സംഘം നിലയുറപ്പിച്ചിരുന്നു. കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തിയാണ് ദൃശ്യങ്ങൾ ശേഖരിച്ചത്.
പോക്സോ വകുപ്പ് ചേർക്കാൻ ഡി ജി പിക്ക് പരാതി
കാസർകോട് എടച്ചാക്കെ അഴീക്കൽ മതസ്ഥാപനത്തിൽ നടന്ന ശൈശവ വിവാഹത്തിൽ കൃത്യമായ തെളിവ് ശേഖരിക്കാനോ പോക്സോ ആക്ട് പ്രകാരമുള്ള നടപടിക്രമം പാലിച്ച് അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കാട്ടിഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഡി.ജി.പിക്ക് പരാതി നൽകി. സംഭവത്തിൽ തെളിവ് ശേഖരിക്കുന്നതിൽ പൊലീസ് മനഃപൂർവ്വം വീഴ്ച കാണിക്കുന്നുവെന്നും പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |