
തൃശൂർ: മേടച്ചൂടിൽ, കണ്ടും കേട്ടും മനം നിറച്ച് പൂരം തേക്കിൻകാട്ടിൽ പെയ്തിറങ്ങി. ചൂടിന് അൽപ്പം കുറവ് വന്നതിന്റെ അരികുപറ്റി ജനം പൂരനഗരിയിലേക്ക് ഒഴുകിയെത്തി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഓർമ്മകൾ നെഞ്ചേറ്റിയാണ് പൂരപ്രേമികളെത്തിയത്. പതിവിൽ നിന്ന് അൽപ്പം തിരക്ക് കുറഞ്ഞെങ്കിലും ഘടകപൂരങ്ങളിലും മഠത്തിൽ വരവിലും ഇലഞ്ഞിത്തറയിലും കുടമാറ്റത്തിലുമെല്ലാം ജനം തിങ്ങിനിറഞ്ഞു. തെക്കേ ഗോപുരനടയിൽ ഭഗവതിമാർ തെക്കോട്ടിറങ്ങി വരുമ്പോഴേക്കും മൈതാനം നിറഞ്ഞ് ആളുകൾ സ്വരാജ് റൗണ്ടിലേക്കും ഒഴുകി. പൊലീസ് ഒരുക്കിയ സംവിധാനങ്ങൾ പലപ്പോഴും എതിർപ്പുകൾക്ക് വഴിവച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ പരിഹരിക്കപ്പെട്ടു.
ഘടകപൂരങ്ങളിൽ തുടക്കം
വെയിൽ പരക്കുംമുമ്പ് കണിമംഗലം ശാസ്താവിന്റെ വരവോടെ ആരംഭിച്ച പൂരപ്രയാണം വൈകിട്ട് കുടമാറ്റത്തിൽ ആദ്യഘട്ടം പൂർത്തിയാക്കി. രാത്രിയോടെ ഘടകപൂരങ്ങളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ഘടകപൂരങ്ങൾ പൂരത്തിന്റെ എല്ലാ സൗരഭ്യങ്ങളും പുറത്തെടുത്തപ്പോൾ ഒപ്പംകൂടിയ ആസ്വാദകർക്ക് നവ്യാനുഭവമായി.
വാദ്യക്കാർക്കും ഒപ്പം
രാവിലെ മുതൽ പൂരനഗരിയിലെത്തിയവരെല്ലാം കരിവീരന്മാർക്കും വാദ്യക്കാർക്കും ഒപ്പമായിരുന്നു. അലങ്കാരങ്ങളണിഞ്ഞ് ചന്തം പകർന്ന് കൊമ്പന്മാരും വാദ്യവിസ്മയം ചൊരിഞ്ഞ് വാദ്യകലാകാരന്മാരും നിരന്നതോടെ സ്ത്രീകളടക്കമുള്ളവർ ആവേശം പകർന്നു.
വിദേശികൾ കുറഞ്ഞു
ഇത്തവണ വിദേശികൾ തീരെ കുറവായിരുന്നു. ഇറാൻ ഇസ്രായേൽ യുദ്ധം വിദേശികൾ കുറയാൻ കാരണമായി. അവർക്കായി ഒരുക്കിയ പവലിയനിലെ കസേരകൾ കാലിയായിരുന്നു. സ്ത്രീകൾക്ക് പൂരം കാണാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതുണ്ടായില്ല. ആചാരപരമായി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആളുകൾ ഏറെയെത്തിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പറഞ്ഞു.
17 മിനിറ്റ് 17 സെറ്റ് കുട,
ഇത്തിരിനേരം, കുടമാറ്റം
ബി. സതീഷ്
സ്പെഷ്യൽ കുടകളില്ലാതെ പാറമേക്കാവും തിരുവമ്പാടിയും തൃശൂർ: 17 മിനിറ്റിൽ 17 സെറ്റോളം കുടകളുയർത്തി പാറമേക്കാവും തിരുവമ്പാടിയും. ഒരു മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള പൂരം കുടമാറ്റം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കാൽമണിക്കൂറാക്കിയത്. സ്പെഷ്യൽ കുടകളില്ലാതെ സാമ്പ്രദായിക കുടകൾ ഉയർത്തിയായിരുന്നു തെക്കേ ആകാശച്ചെരുവിൽ പൂരവർണം വിരിയിച്ചത്. തെക്കെ ഗോപുരനടയ്ക്കൽ റോസ് കുടകളുമായി തിരുവമ്പാടി ആദ്യം നിരന്നു. രാജാവിന്റെ പ്രതിമ വണങ്ങി എതിർവശത്ത് നിരന്ന പാറമേക്കാവ് ആദ്യം ഉയർത്തിയത് ചുവന്ന പട്ടുകുട. ആറോടെ കുടമാറ്റത്തിലെ ആദ്യമാറ്റം പാറമേക്കാവിന്റേതായിരുന്നു. പച്ചപ്പട്ടുകുടകളായിരുന്നു ഇത്. പിന്നാലെ തിരുവമ്പാടിയും കുടകൾ മാറ്റി. കാവിക്കുടകൾക്ക് മദ്ധ്യേ മഞ്ഞക്കുടയായിരുന്നു പാറമേക്കാവിന്റെ അടുത്ത മാറ്റം. വെള്ളിക്കുടകൾക്ക് മദ്ധ്യേ സ്വർണനിറമുള്ള കുടകൾ ഉയർത്തിയായിരുന്നു തിരുവമ്പാടിയുടെ മറുപടി. പിന്നീട് വയലറ്റിന് മദ്ധ്യേ പച്ചക്കുട പാറമേക്കാവ് ഉയർത്തിയപ്പോൾ സ്വർണക്കുടയുമായി തിരുവമ്പാടിയെത്തി. ചാരനിറമുള്ള കുടകൾക്ക് മദ്ധ്യേ ചുവന്ന കുട നിവർത്തിയ പാറമേക്കാവിന് മറുപടിയായി ഇളംനീല നിറമുള്ള കുടകളാണ് തിരുവമ്പാടി ഉയർത്തിയത്. ഇളംപച്ച, ശ്രീരാമചിത്രം, നീലയിൽ ഭദ്രകാളി, കിളിപ്പച്ചയിൽ ഭഗവതി, ഇളംവയലറ്റ്, ഗദയേന്തിയ ഹനുമാൻ തുടങ്ങിയ പരമ്പരാഗത കുടകളായിരുന്നു പാറമേക്കാവിന്റെ ആവനാഴിയിൽ നിന്നും പിന്നീട് പിറന്നത്. മഞ്ഞ, കടുംറോസ്, കറുപ്പ്, വെള്ളയും ഇളംനീലയും, റോസിൽ സ്വർണനിറം, കാവി തുടങ്ങിയ കുടകൾ തിരുമ്പാടി, ഗജവീരൻമാർക്ക് മുകളിലേറ്റി. ഒടുവിൽ ആദ്യം ചൂടിയ കുടകൾ തന്നെ വീണ്ടും വിരിഞ്ഞു. 6.17ഓടെ കുടമാറ്റത്തിന് പരിസമാപ്തി. കുടമാറ്റം കഴിഞ്ഞെന്ന് പാറമേക്കാവിന്റെ കരിവീരന്മാർക്ക് മുകളിലേറിയവർ തൂവാല വീശി അടയാളം നൽകി. മേളപ്പെരുക്കം അവസാനിപ്പിച്ച് അൽപ്പനേരത്തിനകം തിരുവമ്പാടിയും മടങ്ങിയതോടെ പൂരപ്രേമികളും തെക്കെഗോപുര നടയ്ക്കൽ നിന്നും മടങ്ങി.
തൃശൂർ വിട്ടാലും പൂരം വിടാതെ...
തൃശൂർ: തൃശൂർ വിട്ടാലും പൂരത്തിനെത്തുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. പതിവുതെറ്റിക്കാതെ ഇത്തവണയും എത്തി. ഏതാനും വർഷംമുമ്പ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ആർ.ആദിത്യ ഇന്നലെ രാവിലെ തന്നെ തൃശൂരിലെത്തി പൂരത്തിൽ ലയിച്ചു. മഠത്തിൽ വരവ് പഞ്ചവാദ്യത്തിലും ഇലഞ്ഞിത്തറ മേളത്തിലും മുഴുവൻസമയം ചെലവഴിച്ചു. കഴിഞ്ഞ വർഷം വിവാദങ്ങളില്ലാത്ത പൂരത്തിന് നേതൃത്വം നൽകി തൃശൂരിന്റെ കെെയടി നേടിയ മുൻ ജില്ലാ കളക്ടറും ഇപ്പോൾ കാസർകോട് കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഇന്നലെ രാവിലെ മുതൽ തന്നെ നഗരത്തിലുണ്ട്. നിരവധി പൊലീസ് ഉദ്യോഗസ്ഥരും ഐ.എ.എസ് ഉദ്യോഗസ്ഥരും തൃശൂരിൽ എത്തിയിരുന്നു. മന്ത്രി കെ.രാജൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ രാവിലെ മുതൽ തന്നെ പൂരം നടത്തിപ്പിൽ സജീവമായി. മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ടി.വി.ചന്ദ്രമോഹൻ, കെ.വി.അബ്ദുൾ ഖാദർ, അഡ്വ. ജോസഫ് ടാജറ്റ്, ജസ്റ്റിൻ ജേക്കബ്, എ.നാഗേഷ് തുടങ്ങിയവരെല്ലാം പങ്കെടുത്തു.
കിഴക്കൂട്ടിന്റെ 'മേളച്ചൂട്'
തൃശൂർ: മേളക്കമ്പക്കാരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയും മേടച്ചൂടിൽ തളർന്ന ഇലഞ്ഞിയിലകളെ തെല്ലിളക്കിയും കിഴക്കൂട്ടും കൂട്ടരും 'പാണ്ടിപ്പട'യൊരുക്കി. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥന്റെ തിരുമുറ്റത്തെ ഇലഞ്ഞി മരത്തിനടുത്ത് ഓലമേഞ്ഞ മേളപ്പുരയുടെ അടിയിൽ കിഴക്കൂട്ടും സംഘവും നിരന്നു. ചെണ്ടക്കോൽ പതിക്കുന്നതിന് കാതോർത്ത്, വാദ്യാസ്വാദകർ അൽപ്പസമയം ശ്വാസമടക്കി നിന്നു. ഈ സമയം കിഴക്കൂട്ട് തനിക്ക് പിന്നിൽ പതിനഞ്ചാനകളുടെ നടുവിൽ തൃക്കടവൂർ ശിവരാജുവിന്റെ ശിരസിലേറി നിൽക്കുന്ന പാറമേക്കാവ് ഭഗവതിയെ മനസിൽ ധ്യാനിച്ച് പാണ്ടിയുടെ വിസ്മയത്തിന് തുടക്കമിട്ടു. ഇലഞ്ഞിത്തറയിലെ നിറസാന്നിദ്ധ്യമായ പഴുവിൽ രഘുവിനെയും പെരുവനം സതീശനെയും ചൊവ്വല്ലൂർ മോഹനനനെയും ചേറൂർ രാജപ്പനെയുമെല്ലാം ഇടത്തുംവലത്തും നിറുത്തി മേളപ്പെയ്ത്ത് തുടങ്ങിയതോടെ ആസ്വാദകർ ആർത്തിരമ്പി.
പിന്നെ അസുരവാദ്യത്തിൽ 96 അക്ഷരകാലത്തിന്റെ സൗമ്യതയിൽ തുടങ്ങി രൗദ്രതയിലേക്കുള്ള പ്രയാണമായിരുന്നു. വീക്കം ചെണ്ടയും കൊമ്പും കുഴലും ഇലത്താളവുമെല്ലാം താളത്തിനൊപ്പം കയറ്റവും ഇറക്കവുമായി കട്ടയ്ക്ക് നിന്നു.
അവസാനം കൊട്ടിക്കലാശത്തിലേക്ക് എത്തിയതോടെ ആവേശം അലതല്ലി. നാലരയോടെ ഒരിക്കൽ കൂടി പാണ്ടി കിഴക്കൂട്ട് കൊട്ടിത്തീർത്തപ്പോൾ കൊടുങ്കാറ്റ് നിലച്ച പ്രതീതി. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണനും, കുഴലിൽ കീഴൂട്ട് നന്ദനും കൊമ്പിൽ മച്ചാട് രാമചന്ദ്രനും ചേർപ്പ് നന്ദനനും സംഘവും പിൻനിരയിൽ കിഴക്കൂട്ടിന് കരുത്തായി.
മേളപ്പൂരം ആൾപ്പൂരം
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കുകയും കുടമാറ്റസമയം ചുരുക്കുകയും ചെയ്തെങ്കിലും പൂരത്തിന്റെ ചടങ്ങുകൾക്കും ആവേശത്തിനും യാതൊരു കുറവുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ജനപങ്കാളിത്തം. കൊടുംചൂടിനെ കൂസാതെ രാവിലെ മുതൽ അയൽ ജില്ലകളിൽ നിന്ന് ജനങ്ങൾ ഒഴുകിയെത്തി. മഠത്തിൽ വരവിനും ഇലഞ്ഞിത്തറയ്ക്കുമൊന്നും തിരക്ക് കുറവുണ്ടായില്ല. ദുരന്തമുണ്ടായിരുന്നില്ലെങ്കിൽ റെക്കാഡ് ജനത്തിരക്കാകുമായിരുന്നു. പൂരം ഞായറാഴ്ചയായതുകൊണ്ടു തന്നെ മാസങ്ങൾക്ക് മുൻപേ ഹോട്ടൽറൂമുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞിരുന്നു. കണിമംഗലം ശാസ്താവ് പുലർച്ചെ വടക്കുന്നാഥനെ വണങ്ങാൻ എത്തിയതോടെയാണ് പൂരത്തിന് തുടക്കമായത്. തൊട്ടുപിന്നാലെ, പതിനായിരക്കണക്കിന് ആളുകളാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തിയത്. മേളം തന്നെയായിരുന്നു ഈയാണ്ടിലെ പൂരത്തെ സമ്പൂർണമാക്കിയത്. ചോറ്റാനിക്കര മുതൽ പല്ലാവൂർ വരെയുള്ള വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വാദ്യകലാകാരന്മാരുടെ സാന്നിദ്ധ്യം ഇത്തവണയും മാറ്റുകൂട്ടി.
ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി എഴുന്നള്ളിയത് കാണാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |