SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.22 AM IST

വെടിക്കെട്ട് ദുരന്തത്തിൻ്റെ ഞെട്ടൽ മാറാതെ...

Increase Font Size Decrease Font Size Print Page
a

മുണ്ടത്തിക്കാേട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിൻ്റെ ഭീതിദമായ ഓർമ്മകൾ ഇപ്പോഴും മായുന്നില്ല. ആ ദുരന്തം സൃഷ്ടിച്ച ആഘാതം ചെറുതല്ല.ദുരന്തസ്ഥലം കണ്ടവരുടെ മനസിൽ നിന്ന് ആ ദൃശ്യങ്ങൾ മായുന്നുമില്ല.

തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ.ഹിതേഷ് ശങ്കർ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ആ ദുരന്തചിത്രം കൃത്യമായി കാണിക്കുന്നുണ്ട്. അതിങ്ങനെ:

പാതിവെന്ത അവയവങ്ങൾ, പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസം....
ശരീരഭാഗങ്ങൾ , അവയവങ്ങൾ , എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസം. മോതിരം, കമ്മൽ, ഹൃദയത്തിലെ രക്തക്കുഴലുകളിൽ ഇട്ട സ്റ്റെൻ്റ്, പല്ലിൻ്റെ ഘടന, പല്ലിലെ സ്റ്റെയിൻ, പുകയില ഉപയോഗത്തിൻ്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പലരെയും തിരിച്ചറിഞ്ഞത്.

മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിൻ്റെ ഭീകരമായ ഓർമ്മപ്പെടുത്തലാണ് ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നു മായുന്നില്ല. സംസ്‌കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണമായും നിരാകരിക്കാനാവില്ല. നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ അനുവദിക്കരുത്. ഇത്രയും വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് ജോലി ചെയ്യിക്കുന്നതും അപകടസാദ്ധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു.

നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും വേർതിരിക്കണം. തൊഴിലാളികളും നിർമ്മാണം പൂർത്തിയായ സ്‌ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്. വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ചൂട് കൂടുന്ന സമയങ്ങളിൽ ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് മൂന്നിന് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നത് പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്...

അദ്ദേഹം പങ്കുവെച്ചത് വലിയൊരു മുന്നറിയിപ്പ് കൂടിയാണ്.

ചൂടല്ലെങ്കിൽ പിന്നെന്ത്?

മുണ്ടത്തിക്കോട് ദുരന്തത്തിന് ഇടയാക്കിയത് കനത്ത ചൂടല്ലെന്നായിരുന്നു പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് സാദ്ധ്യതയാണ് പെസോ പ്രധാനമായും പരിശോധിച്ചത്. വേനൽച്ചൂട് മൂലം സ്‌ഫോടകവസ്തുക്കൾ തനിയെ പൊട്ടിത്തെറിക്കാൻ സാദ്ധ്യത കുറവാണെന്ന് പറയുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന പൂർത്തിയായി. ചൂട് കൊണ്ട് സംഭവിച്ച ദുരന്തമല്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും നിഗമനമെന്നാണ് വിവരം. അപകടകാരണം സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാണ്. അപകടം നടന്ന സ്ഥലത്ത് വൈദ്യുതി പോസ്റ്റുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വെടിക്കെട്ട് നിർമ്മാണത്തിന് ലൈസൻസുണ്ടെങ്കിലും സുരക്ഷാക്രമീകരണം പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. അളവിൽ കൂടുതൽ വെടിക്കെട്ട് സാമഗ്രികൾ ഉണ്ടായിരുന്നോ എന്നതും തൊഴിലാളികൾക്ക് പരിചയക്കുറവുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. സ്‌ഫോടക സാമഗ്രികൾ ഉപയോഗിച്ചതിലെ പ്രശ്‌നം ആണോയെന്നും കണ്ടെത്തേണ്ടതുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ, പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട്ടെ പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഉഗ്രസ്‌ഫോടനത്തിന് വഴിയൊരുക്കുന്ന, നിരോധിച്ച പൊട്ടാസ്യം ക്ലോറേറ്റ് അടക്കമുള്ളവ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു നിഗമനം. അടുത്തെങ്ങും ഇത് ഉത്സവങ്ങളിലോ മറ്റോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. തീപിടിക്കാൻ സാദ്ധ്യതയുള്ള പദാർത്ഥങ്ങളുമായി ചേർക്കുമ്പോൾ ഇത്തരം രാസവസ്തുക്കൾ വലിയ പൊട്ടിത്തെറിക്ക് കാരണമാകാം. അമിതമായ ചൂടോ, ഘർഷണമോ ഉണ്ടായാലും സ്‌ഫോടനത്തിന് കാരണമാകും. കടും നിറങ്ങളുണ്ടാക്കാനും പലതരം വസ്തുക്കൾ ചേർക്കാറുണ്ട്.

ചെറിയൊരു കനൽ മതി

എത്ര ലാഘവത്വത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാണ്. ചെറിയൊരു കനൽത്തരി മതി അവിടെയുളള മനുഷ്യരെയെല്ലാം ഞൊടിയിടയിൽ ഭസ്മമാക്കാൻ. അത് തിരിച്ചറിയാതെ അവിടെയെത്തിപ്പെട്ടവർ അങ്ങനെ തിരിച്ചറിയപ്പെടാത്ത മൃതശരീരങ്ങളായി. ഒരിക്കലെങ്കിലും അപകടമുണ്ടാകാത്ത ഒരു പടക്കശാലയും ഉണ്ടായേക്കില്ല. ഒരു ചെറിയ പിഴവ് മതി, എല്ലാം പൊട്ടിത്തകരും. എത്രയൊക്കെ സുരക്ഷാ മുൻകരുതലുകൾ പാലിച്ചാലും നിയമങ്ങൾ കർശനമായി നടപ്പാക്കിയാലും ആ പിഴവ് സംഭവിക്കും. അത് എപ്പോൾ, എങ്ങനെ സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ലെന്ന് മാത്രം. ദുരന്തങ്ങൾക്ക് ശേഷമുള്ള വിശദമായ പരിശോധനയിലും സ്‌ഫോടനത്തിന് ഇടയാക്കിയ യഥാർത്ഥ പിഴവ് കണ്ടെത്താറില്ല. ദുരന്തത്തിന് കാരണമായതെല്ലാം കത്തിക്കരിഞ്ഞിട്ടുണ്ടാകും, അതിൽ ഉൾപ്പെട്ട മനുഷ്യരെപ്പോലെ. ദുരന്തം സംഭവിക്കുമ്പോൾ നമ്മൾ നടുങ്ങും. മനുഷ്യരായെ മനുഷ്യരെയെല്ലാം കരയിപ്പിക്കും. വാർത്തകളിൽ നിന്ന് മായുന്നതോടെ അതെല്ലാം മറക്കും. വീണ്ടും അശ്രദ്ധകളും പിഴവുകളും ആവർത്തിക്കും.

കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. 2016ൽ നടന്ന ഈ സംഭവത്തിൽ 114 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ളത് പാലക്കാട് ജില്ലയിലാണെന്നാണ് കണക്കുകൾ പറയുന്നത്.

ഇനിയെങ്കിലും കണ്ണീർ വീഴാതിരിക്കെട്ട

തൃശൂർ പൂരത്തിൻ്റെ ഭാഗമായി രണ്ടു പതിറ്റാണ്ടിനിടെ രണ്ടാം തവണയാണ് മറ്റൊരു വെടിക്കെട്ട് ദുരന്തമുണ്ടാകുന്നത്. ഇത്രയും വലിയൊരുദുരന്തം ചരിത്രത്തിലാദ്യവും. രണ്ട് പതിറ്റാണ്ട് മുൻപാണ് പാടൂക്കാട് വെടിക്കെട്ട് ദുരന്തമുണ്ടായത്. 2006 മെയ് നാലിന് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച പാടൂക്കാട് ആനപ്പറമ്പിലുണ്ടായ സ്‌ഫോടനത്തിൽ ഏഴുപേരാണ് മരിച്ചത്. 1978ൽ പൂരം പ്രധാന വെടിക്കെട്ടിനിടെ കുഴിയമിട്ട് ലക്ഷ്യം തെറ്റി കാഴ്ചക്കാർക്കിടയിലേക്ക് തെറിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചിരുന്നു. 2004ൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി കുണ്ടന്നൂർ സുന്ദരൻ സാമ്പിൾ വെടിക്കെട്ടിനിടെ കുഴിമിന്നി പൊട്ടിത്തെറിച്ച് മരിച്ചു.

ഇനിയൊരു ദുരന്തം താങ്ങാനാവില്ല. അതിനുളള നടപടികളും നിയമങ്ങളും ശക്തമാകട്ടെ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.