SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.22 AM IST

നിയതിയുടെ സഞ്ചാരം

Increase Font Size Decrease Font Size Print Page
a

സമാധിയായ ഗുരു മുനിനാരായണപ്രസാദിന്റെ പിന്മാഗിയായി,​ ഗുരുപരമ്പരയുടെ തുടർച്ചയായി നാരായണ ഗുരുകുല പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തുകയാണ്

സ്വാമി ത്യാഗീശ്വരൻ. നാരായണ ഗുരുകുലത്തിന്റെ നാലാമത്തെ അദ്ധ്യക്ഷനായാണ് സ്വാമി ത്യാഗീശ്വരൻ എത്തുന്നത്. നിലവിൽ ജനറൽ സെക്രട്ടറിയാണ്. ഗുരു മുനിനാരായണ പ്രസാദ് തന്നെയാണ് സന്യാസ പരമ്പരയിലെ തന്റെ പിന്മാഗിയായി സ്വാമി ത്യാഗീശ്വരനെ നേരത്തെ നിശ്ചയിച്ചത്. നിത്യചൈതന്യയതിയുടെ ശിഷ്യനാണ് സ്വാമി ത്യാഗീശ്വരൻ.

1951ൽ അമരവിള കൊല്ലയിൽ ചായിക്കോട്ടുകോണത്ത് കൃഷ്ണന്റെയും കുഞ്ഞു പാർവതിയുടെയും മകനായാണ് ജനനം. ഊട്ടി ഫേൺഹിൽ, ഇടപ്പള്ളി, കനകമല, കുയ്യാലി, കോന്നി തുടങ്ങി വിവിധയിടങ്ങളിലുള്ള ഗുരുകുല ആശ്രമങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഗുരുദേവ പ്രഭാഷകനാണ്. 15ഓളം കൃതികൾ രചിച്ചിട്ടുണ്ട്. ആത്മഗീതം, പ്രണവപ്രസൂനം, നിറപൊരുൾ എന്നിവയാണ് പ്രധാന കൃതികൾ. നിത്യചൈതന്യയതിയുടെ പ്രാണായാമം എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഗുരുദേവ ദർശനം എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സ്വാമി ത്യാഗീശ്വരൻ കേരളകൗമുദിയോട് സംസാരിക്കുന്നു.

പാരമ്പര്യം നിലനിറുത്തുക

എന്ന നിയോഗം

നാരായണ ഗുരുവിന്റെ ജ്ഞാനധാര നടരാജഗുരുവിലും നിത്യചൈതന്യയതിയിലും തുടർന്ന് മുനി നാരായണപ്രസാദിലൂടെയും വികസിച്ച അതേ ആത്മവിചാരപാതയാണ് ഗുരുകുലത്തിന്റെ അടിസ്ഥാനം. ആ പാരമ്പര്യം നിലനിറുത്തുക എന്ന നിയോഗമാണ് എന്നിൽ അർപ്പിതമായിരിക്കുന്നത്. ഏകത്വ പ്രധാനവും ദൃഢബോധ പൂർണവുമായ നിഷ്പക്ഷ വീക്ഷണഗതിയാണ് നാരായണ ഗുരുകുലത്തിന്റേത്. ഗുരു മുനിനാരായണപ്രസാദ് നമ്മെ പഠിപ്പിച്ചത് ആത്മീയമായ ഒരു ജീവിത മാർഗമാണ്. ഗുരു മുനിയുടെ ആത്മീയ പ്രകാശം നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. ആ ദൗത്യത്തെ തുടരുക എന്നതാണ് എന്റെ ഇപ്പോഴത്തെ കടമ.


ഗുരു മുനിയുടെ നിശ്ചയം
ഗുരു മുനിനാരായണപ്രസാദിന്റെ പിന്മാഗിയാകുക എന്നത് മുനി ഗുരുവിന്റെ നിശ്ചയമാണ് ഗുരുകുല പ്രസ്ഥാനത്തിന്റെ വിനീത സേവകനായി തുടരും. സ്ഥാനമല്ല, സമർപ്പണമാണ്.
നാരായണ ഗുരുകുലം ട്രസ്റ്റായി മാറ്റപ്പെട്ടിട്ടുണ്ട്. ഗുരുത്വമാണ് പ്രധാനം. ഗുരുപരമ്പരയുടെ അനുഗ്രഹത്തിലാണ് ഈ നിയോഗം

ജീവിത മാറ്റം

എന്റെ മുൻകാല ജീവിതം ഗിരിധരൻ എന്ന പേരിലായിരുന്നു. 1994ൽ ഗുരു നിത്യ ചൈതന്യയതിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. അതൊരു ജീവിത മാറ്റമായിരുന്നു. നിയതിയുടെ സഞ്ചാരമാണ്. ആത്മവിചാരം ജീവിതത്തിന്റെ കേന്ദ്രമായി മാറി. ആത്മീയ ഭാവം അന്തർലീനമായിരിക്കാം എന്നു കരുതുന്നു. മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങൾ സർവസാധാരണമാണെന്ന് തിരിച്ചറിഞ്ഞ് അതിലൂടെ ഗുരുദർശനത്തെ കൂടുതൽ വിശാലമായി അവതരിപ്പിക്കാനുള്ള പാതയിൽ സഞ്ചരിക്കാൻ കഴിഞ്ഞത് മുനിഗുരുവിന്റെ ശിക്ഷണവും പിൻബലവും ഗുരുവിന്റെ അനുഗ്രഹവുമാണ്.

ആഴത്തിലുള്ള അന്വേഷണം

വിജ്ഞാന ലോകത്തെ ഇത്ര വികസിതമാക്കിയതും, എല്ലാതരത്തിലുള്ള അറിവുകളിലേക്കും പ്രവേശിക്കാൻ പാകമാക്കിയതും ഗുരു മുനിയാണ്. പാശ്ചാത്യ,​ പൗരസ്ത്യ ദർശന സമന്വയം ഉൾക്കൊണ്ടുകൊണ്ടുള്ള ഭാഷ്യമാണ് നടരാജ ഗുരുവിന്റേതും ഗുരുമുനിയുടേതും. വേദാന്ത ശാസ്ത്രത്തെ, അതിന്റെ മൗലികമായ സത്തയെ സരളമായി ഭാഷ്യം ചെയ്തതും ഗുരു മുനിയാണ്. സൂക്ഷ്മമായ കാര്യങ്ങൾ പറയാൻ സഹായിക്കുന്ന ഒരു മാദ്ധ്യമമാണ് കവിതകൾ. ആംഗ്യഭാഷയിലും ആശയം വ്യക്തമാക്കാം. ഒരു സത്യത്തെ അല്ലെങ്കിൽ ഒരു ആശയത്തെ വളരെ സന്തോഷമായി ഉൾക്കൊണ്ടുകൊണ്ട് ആവിർഭവിക്കുന്നതാണ് രചനകൾ. ആഴത്തിലുള്ള അന്വേഷണമാണ് കവിതാ രചനയ്ക്കും പ്രഭാഷണങ്ങൾക്കുമെല്ലാം പിന്നിൽ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.