
ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ബ്രിട്ടീഷുകാരുടെ സംഭാവനകളിൽ ഒന്നായി പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ളതാണ് റെയിൽവേ. ഇന്ത്യൻ വനങ്ങളിലെ തടികളും സുഗന്ധദ്രവ്യങ്ങളും എസ്‌റ്റേറ്റുകളിലെ തേയിലയും ഏലവും മറ്റും തുറമുഖങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമായിരുന്നു അവരുടേത് എന്ന് വിമർശിക്കുമ്പോൾപോലും കൂട്ടത്തോടെ ജനങ്ങൾക്ക് തലങ്ങും വിലങ്ങും യാത്രചെയ്യാൻ ഇന്നും റെയിൽവേ ഗതാഗതം തന്നെയാണ് ഏറ്റവും മുന്നിൽ. സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ചരക്ക് ഗതാഗതത്തിനും റെയിൽവേ നൽകുന്ന സംഭാവനകൾ അമൂല്യമായിത്തന്നെ കണക്കാക്കപ്പെടുന്നു.
ഒരു നൂറ്റാണ്ടിലധികം പിന്നിട്ടപ്പോൾ കരിവണ്ടിയിൽ നിന്ന് ഏറെ മുന്നോട്ടുപോയി ബുള്ളറ്റ് ട്രെയിനിനെ വരെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ്. അതിവേഗ ട്രെയിനിനായി കേരളവും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആധുനിക കാലത്തിന് അനുസൃതമായി യാത്ര സുഖപ്രദമാക്കുന്നതിനും ട്രെയിനുകളുടെ പഴയ മുഖം മാറ്റുന്നതിനുമുള്ള ഘട്ടങ്ങൾ ദ്രുതഗതിയിൽ ഇന്ത്യൻ റെയിൽവേ പിന്നിടുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് പകരം രാജ്യത്താകമാനം മുപ്പതിനായിരം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി 29,906 തസ്തികകൾ വെട്ടിക്കുറയ്ക്കണമെന്നു കാട്ടി വിവിധ സോണുകളുടെ ജനറൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിരിക്കുന്നു. 3,303 തസ്തിക ഉത്തര റെയിൽവേയ്ക്കും 1906 തസ്തിക ദക്ഷിണ റെയിൽവേയ്ക്കും നഷ്ടപ്പെടും.
ഒരു വർഷം രണ്ടുശതമാനം തസ്‌തികകൾ ഇല്ലാതാക്കണമെന്ന കേന്ദ്ര നയംമൂലം മൂന്നരലക്ഷത്തിലേറെ തസ്തികകൾ ഇപ്പോൾത്തന്നെ ഒഴിഞ്ഞുകിടക്കുകയാണ്. മലയാളികളും മറ്റും ഏറ്റവും കൂടുതൽ ജോലിചെയ്യുന്ന ദക്ഷിണ റെയിൽവേയിൽ മാത്രം ഇരുപതിനായിരത്തോളം തസ്തികകൾ നികത്തിയിട്ടില്ല. എന്നാൽ, ടൈപ്പിസ്റ്റ് പോലെ കാലഹരണപ്പെട്ട ജോലികളും സാങ്കേതികവിദ്യയുടെ വളർച്ചമൂലം ആവശ്യമില്ലാതായ തസ്‌തികകളുമാണ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. പ്രധാനമായും നോൺ സേഫ്‌റ്റി വിഭാഗത്തിൽപ്പെട്ട തസ്‌തികകളാണ് കുറയ്ക്കുന്നത്. 2026 ഏപ്രിൽ ഒന്നിലെ അനുവദനീയ ജീവനക്കാരുടെ രണ്ടുശതമാനം ഒഴിവാക്കാനാണ് ഓരോ ജനറൽ മാനേജർമാർക്കും ടാർഗറ്റ് നൽകിയിരിക്കുന്നത്. പുനഃക്രമീകരണം, ഒഴിവാക്കൽ, തസ്തിക മാറ്റൽ, സ്ഥലംമാറ്റം തുടങ്ങിയ നടപടികൾ വഴിയാകും തസ്‌തികകൾ ഇല്ലാതാക്കുന്നത്. നിലവിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരെ ഇത് ബാധിക്കില്ല എന്നതാണ് വലിയ ആശ്വാസം. എന്നാൽ, ഏഴ് ലക്ഷത്തോളം കരാർ ജീവനക്കാരാണ് റെയിൽവേയിൽ ജോലിചെയ്യുന്നത്. പുതിയ പാളങ്ങളുടെ നിർമ്മാണത്തിനും പാത ഇരട്ടിപ്പിക്കലിനും മറ്റും പ്രധാനമായും ഇവരെയാണ് ഉപയോഗിക്കുന്നത്.
കരാർ ജീവനക്കാരെ ഏതു നിമിഷവും പറഞ്ഞുവിടാം എന്ന സ്ഥിതിവന്നാൽ റെയിൽവേയുടെ നിലവിലുള്ള വികസന പദ്ധതികളെവരെ അത് പ്രതികൂലമായി ബാധിച്ചേക്കാം. റെയിൽവേ അപകടങ്ങൾ ഉണ്ടാകുമ്പോൾ നിയോഗിക്കപ്പെടുന്ന വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടുകളിലെല്ലാം ഒരുപോലെ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ് സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവ്. ഈ സാഹചര്യത്തിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത് വലിയ ആശങ്കയാണ് ഉണർത്തുന്നത്. ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോൾ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. എ.സി കോച്ചുകളുടെ അറ്റകുറ്റപ്പണി, റാക്കുകളുടെ നന്നാക്കൽ തുടങ്ങിയവ പുറംകരാർ നൽകിയ സാഹചര്യത്തിലാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതെന്നാണ് യൂണിയനുകൾ ആരോപിക്കുന്നത്. രാജ്യം വികസിച്ചുകൊണ്ടിരിക്കുന്ന വേളയിൽ തൊഴിൽ ലഭ്യത കുറയാൻ ഇടയാക്കുന്ന തീരുമാനങ്ങൾ പരമാവധി ഒഴിവാക്കാനാണ് ഭരണകർത്താക്കൾ ശ്രമിക്കേണ്ടത്. കാരണം നല്ല ശമ്പളം ലഭിക്കുന്ന തൊഴിൽ സ്വന്തം രാജ്യത്ത് ലഭിക്കുമ്പോൾ മാത്രമേ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പൊതുജനങ്ങൾക്ക് അനുഭവിക്കാനാവൂ. അതിന് വിഘാതമുണ്ടാക്കുന്ന നയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |