
തിരുവനന്തപുരം: മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കരുൺ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റേയും ഷാജി എൻ.കരുൺ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിൽ ഷാജി എൻ.കരുൺ സ്മൃതി അനുസ്മരണ സമ്മേളനം കലാഭവൻ തിയേറ്ററിലും അയ്യങ്കാളി ഹാളിലുമായി ഇന്ന് നടക്കും. രാവിലെ 9.30 മുതൽ കലാഭവൻ തിയേറ്ററിൽ വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. വൈകിട്ട് നാലിന് മഹാത്മ അയ്യങ്കാളി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്റെ വെബ്സൈറ്റ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ റസൂൽ പൂക്കുട്ടി വിശിഷ്ടാതിഥിയാകും.
1988ൽ സംവിധാനം ചെയ്ത ആദ്യ ചിത്രം 'പിറവി'യോടെ തന്നെ ലോകം അറിയുന്ന സംവിധായകനായി മാറിയ പ്രതിഭയായിരുന്നു ഷാജി എൻ.കരുൺ. നാല് ദേശീയ അവാർഡുകളും വിഖ്യാതമായ ചാർളി ചാപ്ലിൻ അവാർഡും പിറവിക്കു ലഭിച്ചു. കാനിൽ ക്യാമറ ഡി ഓർ പ്രത്യേക പരാമർശവും നേടി. പിറവി, സ്വം, വാനപ്രസ്ഥം എന്നിവ കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകസിനിമയിലെ അപൂർവ നേട്ടമാണിത്.
2011ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |