
എപ്പോൾ, എവിടെ, എങ്ങനെ എന്ന് വ്യക്തമല്ല
തിരുവനന്തപുരം: വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗം സംബന്ധിച്ച കണക്കുകൂട്ടലിൽ കെ.എസ്.ഇ.ബിക്ക് സംഭവിച്ച പിഴവ് കേരളത്തിന് ഇരുട്ടടിയായി. സംസ്ഥാനത്ത് രാത്രികാല ലോഡ്ഷെഡിംഗ് ഔദ്യോഗികമായി ഏർപ്പെടുത്തി. കാറ്റും വെളിച്ചവും ഏതുസമയത്തും നഷ്ടപ്പെടാം. ഈ വേനൽക്കാലത്ത് 6,000മെഗാവാട്ടിനപ്പുറം പീക്ക് അവർ ഡിമാൻഡ് പോകില്ലെന്നാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടിയിരുന്നത്. പക്ഷേ, ഡിമാൻഡ് 6,195 മെഗാവാട്ട് വരെയെത്തി.വേനൽമഴ ലഭ്യത കണക്കാക്കിയതിലും പിശകുണ്ടായി.
ഇന്നലെ ഊർജ്ജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ഇ.ബി സി.എം.ഡി മിൻഹാജ് ആലം ഉൾപ്പെടെ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് പവർക്കട്ട് നടപ്പിലാക്കാൻ തീരുമാനിച്ചത്. വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതുവരെ തുടരും.ഇതുവരെ പറയാതെ നടത്തിയ ലോഡ്ഷെഡിംഗ് ഇതോടെ വ്യവസ്ഥയാവും. അത്യുഷ്ണത്തിലെ വൈദ്യുതി കട്ട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ആവശ്യകതയുടെ 70%ത്തിലേറെ വൈദ്യുതിയും പുറത്തുനിന്നു വാങ്ങുന്ന സംസ്ഥാനമെന്ന നിലയിലും പ്രതിസന്ധിയുണ്ട്.എന്നാൽ, കേന്ദ്രഗ്രിഡിൽ നിന്നുള്ള 200മെഗാവാട്ടിന്റെ കുറവ് ഇന്നലെ വൈകിട്ടോടെ പരിഹരിച്ചെന്നാണ് യോഗം വിലയിരുത്തിയത്. ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപഭോഗം 6,033മെഗാവാട്ടിലെത്തിയിരുന്നു.
ഏപ്രിൽ 23ന് രാത്രി 10.30ന് ഇതുമറികടന്ന് ഉപഭോഗം 6,195മെഗാവാട്ട് വരെയെത്തി. പ്രതിവർഷ ശരാശരിയേക്കാൾ വളരെക്കൂടുതലാണിത്. വൈകിട്ട് ആറിനുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എ.സി ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തോടെ രൂപപ്പെട്ട ഇൻഡക്ഷൻ കുക്കർ ഉപയോഗവും പ്രശ്നമായി.
അനുമതി തേടാനും വൈകി
റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465മെഗാവാട്ട് ദീർഘകാല കരാറിനുപകരം വൈദ്യുതി ലഭ്യമാക്കുന്നതിലും വീഴ്ചയുണ്ടായി. ഉപഭോഗം കൂടികൊണ്ടിരിക്കുന്നത് മുന്നിൽക്കണ്ട് കൂടുതൽ വൈദ്യുതി വാങ്ങാൻ അനുമതി തേടാനും വൈകി.ആവശ്യത്തിന് സ്വാപ് കരാർ ഒപ്പിടാനുമായില്ല.കേന്ദ്രഗ്രിഡിൽ നിന്ന് അപ്രതീക്ഷിതമായി 200മെഗാവാട്ട് കുറഞ്ഞതും തിരിച്ചടിയായി.സംസ്ഥാനത്ത് 2250മെഗാവാട്ട് സോളാർ വൈദ്യുതിയുണ്ടെങ്കിലും സംഭരിക്കാൻ ബാറ്ററിസംവിധാനമില്ല.കേന്ദ്രസഹായത്തോടെ 550കോടി മുടക്കി ബാറ്ററി സ്റ്റോറേജുണ്ടാക്കാൻ കഴിഞ്ഞ ജൂണിൽ തീരുമാനിച്ചെങ്കിലും പണിതുടങ്ങിയത് ഈ വർഷം ഫെബ്രുവരിയിൽ.
കമ്മിഷന്റെ കടുംപിടിത്തവും വിന
സാങ്കേതികത്വം പറഞ്ഞ് 465മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കിയതിലൂടെ കെ.എസ്.ഇ.ബി.യെ വെട്ടിലാക്കിയ സംസ്ഥാന വൈദ്യുതി റെഗുലേറ്ററികമ്മിഷൻ പ്രതിസന്ധി മറികടക്കാനുള്ള കെ.എസ്.ഇ.ബി നടപടികളിലും കടുംപിടിത്തം കാട്ടി.വേനൽക്കാല ഉപഭോഗം കുതിച്ചുയർന്നപ്പോൾ വൻവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷയിൽ തീരുമാനം എടുക്കാൻവൈകിയതും കുഴപ്പമായി. വൈദ്യുതിമന്ത്രി നേരിട്ട് ഇടപെട്ടപ്പോഴാണ് കമ്മിഷൻ വഴങ്ങിയത്.
"വൈദ്യുതി പ്രതിസന്ധി ഉഷ്ണതരംഗംമൂലമുണ്ടായതാണ്. ലോഡ് ഷെഡിംഗ് അധികകാലം തുടരേണ്ടിവരില്ല
-കെ.കൃഷ്ണൻകുട്ടി,
വൈദ്യുതിമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |