
ടെഹ്റാൻ: മറ്റുരാജ്യങ്ങൾ ഇനി എന്തുചെയ്യണമെന്ന് ആജ്ഞാപിക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള യു.എസിന്റെ കാലം കഴിഞ്ഞുവെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യു.എസ് മുന്നോട്ടുവച്ച പുതിയ നിർദ്ദേശങ്ങൾക്ക് പിന്നാലെയാണ് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലൈ-നികിന്റെ പ്രതികരണം. കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്.സി.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. യമവിരുദ്ധവും യുക്തിരഹിതവുമായ ആവശ്യങ്ങളിൽനിന്ന് യു.എസ് പിന്മാറണമെന്നും ആവശ്യപ്പെട്ടു.സ്വതന്ത്ര രാജ്യങ്ങളുമായും എസ്.സി.ഒ അംഗരാജ്യങ്ങളുമായി പ്രതിരോധ സാങ്കേതികവിദ്യ പങ്കിടാൻ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.ഇറാനിൽ പുതിയ സൈനിക ആക്രമണങ്ങൾക്ക് അംഗീകാരം നൽകണോ പുതിയ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് നിർബന്ധിതമാക്കുന്നതിന് പരമാവധി സമ്മർദ്ദം നൽകണോയെന്ന് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
എണ്ണവില വീണ്ടും വർധിച്ചു
ഹോർമുസിൽ യു.എസ് തുടരുന്ന നാവിക ഉപരോധത്തിൽ തട്ടി വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കെ ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും വർധിച്ചു.ബ്രെന്റ് ക്രൂഡ് 1.28 ശതമാനം വർധിച്ച് ബാരലിന് 109.6 ഡോളർ എന്ന നിലയിലെത്തി.ഡബ്ല്യുടിഐ ക്രൂഡ് 1.27 ശതമാനം വർധിച്ച് ബാരലിന് 97.59 ഡോളർ എന്ന നിലയിലാണ്.വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സംഘർഷ സാഹചര്യത്തിന് അയവുവരാത്തതാണ് എണ്ണവിലയിലെ കുതിപ്പിന് പിന്നിൽ.ഹോർമുസിൽ ഉപരോധം തുടരുന്ന യു.എസ് നാവികസേന ഇറാന്റെ ഒരു എണ്ണക്കപ്പൽ കൂടി തടഞ്ഞു.ഇറാൻ തുറമുഖം ലക്ഷ്യമിട്ട് നീങ്ങിയ കപ്പലാണ് തടഞ്ഞതെന്ന് യു.എസ് നാവികസേനാ സെൻട്രൽ കമാൻഡ് അറിയിച്ചു.
ജി.സി.സി പ്രത്യേക യോഗം
സൗദിയിൽ
ജിദ്ദ:ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ അടിയന്തര പ്രക്യേക യോഗം ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും.മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും സംയുക്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗൾഫ് രാഷ്ട്രത്തലവന്മാർ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ
അംഗരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.
ലെബനനിൽ ഹിസ്ബുള്ള
കേന്ദ്രങ്ങൾ തകർത്തു
ദക്ഷിണ ലെബനനിൽ ഹിസ്ബുള്ളയുടെ ആയിരത്തിലധികം കേന്ദ്രങ്ങൾ തങ്ങൾ തകർത്തതായി ഇസ്രയേൽ. ആയുധ സംഭരണ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർത്തു.
ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നതായി ലെബനൻ. ഇതുവരെ 2,534 പേർ കൊല്ലപ്പെട്ടെന്നും 7,863 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെക്കൻ ലെബനനിലെ ഇസ്രയേലി ടാങ്ക് ആക്രമിച്ചതായി ഹിസ്ബുള്ള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |