
ദുബായ്: ഹോർമുസ് പ്രതിസന്ധി തുടരുന്നതിനിടെ ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഒഫ് പെട്രോളിയം എക്സ്‌പോർട്ടിംഗ് കൺട്രീസിലെ (ഒപെക്) അംഗത്വം ഉപേക്ഷിക്കുന്നതായി യു.എ.ഇ. റഷ്യ ഉൾപ്പെടെ ഒപെക് ഇതര എണ്ണ കയറ്റുമതി രാജ്യങ്ങളും ഉൾപ്പെടുന്ന ഒപെക് പ്ലസിലെ അംഗത്വവും ഉപേക്ഷിച്ചു. മേയ് ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിലാവുമെന്ന് യു.എ.ഇ അറിയിച്ചു. എണ്ണവില കൃത്രിമമായി പെരുപ്പിക്കുന്ന സംഘടനയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വിമർശിക്കുന്നതിനിടെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ ട്രംപിന്റെ വാദങ്ങൾക്കുള്ള വിജയമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണ ഉത്പാദനവും കയറ്റുമതിയും താറുമാറായ സാഹചര്യത്തിലാണ് 1967 മുതലുള്ള ബന്ധം യു.എ.ഇ വിടുന്നത്. ഉത്പാദനനയവും ശേഷിയും വിലയിരുത്തിയും ദേശീയ താത്പര്യം മുൻനിറുത്തിയും തീരുമാനമെടുക്കുന്നുയെന്നാണ് യു.എ.ഇ അറിയിച്ചിട്ടുള്ളത്.
സൗദി അറേബ്യ, ഇറാക്ക് എന്നിവ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ ഉത്പാദക, കയറ്റുമതി രാജ്യമാണ് യുഎഇ. പ്രതിസന്ധിയെ തുടർന്ന് യു.എ.ഇ ഒപെക് വിട്ടേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
ഒപെക് പ്ലസിലെ തീരുമാനപ്രകാരം യു.എ.ഇക്ക് പ്രതിദിനം 30 ലക്ഷം ബാരൽ വീതം എണ്ണയാണ് ഉത്പാദിപ്പിക്കാനാവുക. അതേസമയം, 40 ലക്ഷം ബാരലാണ് യു.എ.ഇയുടെ ശേഷി. ഇതിൽ യു.എ.ഇക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് ഹോർമുസ് പ്രതിസന്ധിയുമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |