SignIn
Kerala Kaumudi Online
Thursday, 30 April 2026 3.00 PM IST

വിഭാഗീയതയും വൈരാഗ്യവും സംസ്കാരത്തിന് യോജിച്ചതല്ല :സ്വാമി ശുഭാംഗാനന്ദ

Increase Font Size Decrease Font Size Print Page
s

ശിവഗിരി: വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിൽ വിഭാഗീയതയും വൈരാഗ്യവും വളർത്തുന്നത് ശ്രീനാരായണഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഒരു ദേവാലയത്തിൽ മറ്റൊരു മതത്തിന്റെ ഗാനം ആലപിച്ചതിന്റെ പേരിൽ ഉണ്ടായ വാദങ്ങളും വിവാദങ്ങളും സമൂഹം ആശങ്കയോടെയാണ് കണ്ടത്.ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെ ദൗർഭാഗ്യകരമാണ്.

ശ്രീനാരായണ ഗുരുദേവന്റെ മതേതരസങ്കല്പം എവിടെ നിൽക്കുന്നു എന്ന് ഈ അവസരത്തിൽ ഓരോരുത്തരും ആത്മപരിശോധന ചെയ്യേണ്ടതുണ്ട്. സ്നേഹവും സാഹോദര്യവും സമത്വവുമാണ് എല്ലാമതങ്ങളുടെയും അന്തഃസത്ത. വിവിധ വിശ്വാസങ്ങളിൽ അധിഷ്ടിതമായ ആരാധനാലയങ്ങളും വിവിധ മതങ്ങളിൽ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യുന്ന മതവിശ്വാസികളും ഉൾക്കൊളളുന്ന വൈവിധ്യപൂർണ്ണമായ ഒന്നാണ് നമുക്ക്ചുറ്റുമുളള സമൂഹം. ആ വൈവിധ്യത്തെ വൈരുദ്ധ്യത്തിന്റെ പാതയിലൂടെ നയിക്കാതെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും പാതയിലേക്ക് നയിക്കപ്പെടുവാനാണ് ശ്രീനാരായണഗുരുദേവൻ സമൂഹത്തെ പഠിപ്പിച്ചത്. ആ പവിത്രമായ ഉദ്ബോധനം സ്വാംശീകരിക്കുവാൻ നമുക്ക് കഴിയണം. എല്ലാവിധ സങ്കുചിത ചിന്താഗതികളെയും തൂത്തെറിഞ്ഞുകൊണ്ട് സോദരത്വേന വാഴുന്ന ഒരു സാമൂഹികപശ്ചാത്തലം യുഗാചാര്യനായ ശ്രീനാരായണ ഗുരുദേവൻ സ്വപ്നം കണ്ടിരുന്നു. മാനവസമൂഹത്തിന്റെ ജീവിതഗന്ധികളായ എല്ലാവിഷയങ്ങളിലേക്കും കടന്നുചെല്ലുവാനും അവയിൽ അശാസ്ത്രീയധാരണകൾ കടന്നുവന്നിട്ടുണ്ടെങ്കിൽ അവയെ സമൂലം തിരുത്തി ശാസ്ത്രീയമായ അവബോധം നൽകുന്ന കേന്ദ്രങ്ങളായി നമ്മുടെ ആരാധനാലയങ്ങൾ മാറണം എന്നതായിരുന്നു ഗുരുവിന്റെ സങ്കല്പം. സദാചാരബോധത്തിലും ധർമ്മനിഷ്ഠയിലും അധിഷ്ഠിതമായ ജീവിതമാണുണ്ടാകേണ്ടതെന്നും ഗുരു ഉദ്ബോധിപ്പിച്ചു. ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നിർവ്വഹിച്ച് 137 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും സമൂഹത്തിൽ ഉയർന്നുവരുന്ന ഭീഷണിയും വെല്ലുവിളിയും ദൈവത്തിന്റെയും ദേവാലയത്തിന്റെയും പേരിലാണെന്ന് നാം തിരിച്ചറിയണമെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരിയിൽ 114-ാമത് ശ്രീശാരദ പ്രതിഷ്ഠാവാർഷികത്തിന്റെയും 64-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.