കണ്ണൂരും കാസർകോട്ടും ഇന്ന് യെല്ലോ അലേർട്ട്
കണ്ണൂർ: ജില്ലയിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ജാഗ്രത പാലിക്കണമെന്ന നിർദേശങ്ങളുമായി അധികൃതർ. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുന്നത് ചൂടിന് ആശ്വാസമാകുമെങ്കിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നൽ സാദ്ധ്യത കൂടുതലായതിനാൽ വൈദ്യുതി ഉപകരണങ്ങളും മറ്റും കൈകാര്യം ചെയ്യുന്നവർ ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിക്കാനും സാദ്ധ്യതയുള്ളതിനാൽ കാറ്റുള്ള സമയത്ത് ജാഗ്രത വേണം. കടലോര മേഖലകളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും തീരദേശവാസികൾ മുൻകരുതലുകൾ സ്വീകരിക്കണം. വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നിർദേശങ്ങൾ യഥാസമയം നൽകുമെന്നും കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. മഴപെയ്യുന്നില്ലെങ്കിലും കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമണ്.
പ്രധാന മുന്നറിയിപ്പുകൾ:
1. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ ശക്തമായ ഇടിമിന്നൽ സാദ്ധ്യത
2. കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ എത്താം
സുരക്ഷാ നിർദേശങ്ങൾ
1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
2. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക
3. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കുക
4. വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിഛേദിക്കുക
5. ജനലും വാതിലും അടച്ചിടുക
6. തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക
7. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നത് ഒഴിവാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |