
തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ ഡമ്മി കോപ്പി ഗവർണറെക്കൊണ്ട് പ്രകാശനം ചെയ്യിക്കാൻ ശ്രമിച്ചതിനും ബിരുദം തോറ്റയാൾക്ക് പി.ജിക്ക് പ്രവേശനം നൽകിയതിലും നടപടിയെടുക്കാൻ സംസ്കൃത സർവകലാശാല. പരീക്ഷാ കൺട്രോളറുടെയും സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ.ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടിക്ക് വി.സി സിസാതോമസ് നിർദ്ദേശിച്ചു. ഇതിന് മുന്നോടിയായി കുറ്റാരോപണ പത്രിക നൽകി.
ഗവർണർ പ്രകാശനം ചെയ്യേണ്ട പുസ്തകത്തിന്റെ പുറംചട്ട മാത്രം തയ്യാറാക്കി, ഉള്ളിൽ വെള്ളക്കടലാസുകൾ നിറച്ച് ഡമ്മി പുസ്തക രൂപത്തിലാക്കിയ തട്ടിപ്പ് ബോദ്ധ്യമായതോടെ വി.സി ഇടപെട്ട് പ്രകാശനച്ചടങ്ങ് ഒഴിവാക്കിയിരുന്നു. മാർച്ച് ഒന്നു മുതൽ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് മാറ്റി പബ്ലിക് റിലേഷൻസ് ഓഫീസർക്ക് പകരം ചുമതല നൽകിയെങ്കിലും ഗ്രന്ഥത്തിന്റെ പ്രകാശനചുമതല ലിസി മാത്യുവിനായിരുന്നു.
ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് പി.ജിക്ക് പ്രവേശനം നൽകിയശേഷം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി വിദ്യാർത്ഥിയെ ബി.എഫ്.എ പരീക്ഷ വിജയിപ്പിക്കുന്നതിൽ പരീക്ഷകളുടെ ചുമതല വഹിച്ചിരുന്ന ലിസിമാത്യു കൃത്യവിലോപം കാട്ടിയതായും കുറ്റപത്രത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |