
ആറ്റിങ്ങൽ: എട്ട് പതിറ്റാണ്ടായി കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി.ജീവിതകാലം മുഴുവൻ കേരളകൗമുദിക്കായി ഉഴിഞ്ഞുവച്ച ജീവിതം,കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ വിശ്വസ്തരിൽ ഒരാൾ.അതുകൊണ്ടുതന്നെ പ്രാദേശിക വാർത്തകൾ വിളിച്ചറിയിക്കാൻ പത്രാധിപർ നൽകിയ ലാൻഡ് ഫോൺ ലഭിച്ചവരിൽ അപൂർവം ചിലരിൽ ഒരാളായിരുന്നു കെ.വിജയപാലൻ. പത്താം വയസിൽ പത്ര വിതരണത്തിലൂടെ രംഗത്തെത്തി.നഗരസഭ രൂപികൃതമായപ്പോൾ ആദ്യകാല കൗൺസിലറുമായി.
പിന്നീട് റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തനങ്ങളിലുൾപ്പെടെ അവസാന നിമിഷംവരെ കർമ്മനിരതൻ.കേരള കൗമുദിയുടെ ആറ്റിങ്ങൽ ലേഖകനായി പ്രവർത്തിച്ചിരുന്ന കാലത്ത് നാട്ടിൻപുറത്തുകാരുടെ ശബ്ദമായി അദ്ദേഹം. ആറ്റിങ്ങലിന്റെ ചരിത്രം ആഴത്തിൽ പ്രതിപാദിക്കുന്ന പുസ്തകരചനയുടെ അവസാനഘട്ടത്തിലായിരുന്നു.
സാമൂഹിക സാംസ്കാരിക, വ്യവസായ രംഗത്തെ ഓർമ്മകളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. വാർദ്ധക്യത്തിലും ഓർമ്മയ്ക്കും കാഴ്ചയ്ക്കും മങ്ങൽ ഏറ്റിരുന്നില്ല. എന്തിനെ കുറിച്ച് ചോദിച്ചാലും ഉടൻ മറുപടി നൽകുമായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ മരിച്ചാൽ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു.പത്ത് വർഷം മുൻപ് ഭാര്യ ഓമന വിടപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |