
പീരുമേട്: ചിലപ്പതികാരത്തിലെ കണ്ണകിയുടെ സ്മരണകളുറങ്ങുന്ന, കൊടുംവനത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം ഇന്ന് നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രം ഭക്തർക്കായി തുറക്കുന്ന ക്ഷേത്രമെന്നതും തമിഴ്, മലയാളി പൂജാരികൾ ഒരേ ദിവസം തന്നെ പൂജ നടത്തുന്നു എന്നതും ഇവിടത്തെ പ്രത്യേകതയാണ്.
പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കമുണ്ട്. പുരാതന ശില്പകലയിൽ വൻ കരിങ്കല്ലുകളാൽ നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രം കാഴ്ചയിൽ അതിമനോഹരമാണ്. സിമന്റോ സുർക്കി മിശ്രിതമോ ഉപയോഗിക്കാതെ വലിയ കരിങ്കല്ലുകൾ അടുക്കിവെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുരാതന പാണ്ഡ്യചോള ശൈലിയിലാണ് നിർമ്മാണം. കല്ലുകൾ മുറിച്ചെടുത്തതിന്റെ അടയാളങ്ങളൊന്നും സമീപത്തെ മലനിരകളിൽ കാണാനില്ലാത്തതിനാൽ, ദൂരസ്ഥലങ്ങളിൽ നിന്ന് കൊത്തിയെടുത്ത കല്ലുകൾ ഇവിടേക്ക് എത്തിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. കണ്ണകിയെ കൂടാതെ ശിവൻ, പാർവതി, ഗണപതി, നാഗരാജാവ് എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. വർഷത്തിൽ ഈ ഒരു ദിവസം മാത്രമാണ് ഭക്തർക്കും സഞ്ചാരികൾക്കും ഇവിടേക്ക് പ്രവേശനമുള്ളത്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവേശന സമയം.
ദുർഘടപാതകൾ താണ്ടി...
തേക്കടിയിൽ നിന്ന് വനത്തിനുള്ളിലൂടെ 14 കിലോമീറ്റർ ദുർഘടമായ പാതയിലൂടെ വേണം യാത്ര ചെയ്യാൻ. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. പ്രത്യേക അനുമതിയുള്ള ഫോർ വീൽ ഓഫ്‌റോഡ് ജീപ്പുകളിലോ കാൽനടയായോ മാത്രമേ ക്ഷേത്രത്തിലെത്താനാകൂ. സ്വന്തമായി ഓഫ്‌റോഡ് വാഹനങ്ങളുള്ളവർക്ക് മുൻകൂട്ടി പെർമിറ്റ് എടുത്ത് പോകാം. കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ജീപ്പ് സർവീസുകൾ ലഭ്യമാണ്.
പ്രകൃതിയും വിശ്വാസവും
അതിപുരാതനമായ ഈ ക്ഷേത്രത്തിലേക്കുള്ള യാത്ര തമിഴ്നാട്ടുകാർക്ക് വലിയൊരു വിശ്വാസമാണെങ്കിൽ, പ്രകൃതി സ്‌നേഹികൾക്ക് ഇതൊരു അപൂർവ്വ സാഹസിക യാത്രയാണ്. വനത്തിന്റെ വന്യതയും അപൂർവ്വ പക്ഷികളെയും മൃഗങ്ങളെയും നേരിൽ കാണാനുള്ള അവസരവുമുണ്ടാകും. തമിഴ്നാട്ടിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ലോവർ ക്യാമ്പിൽ നിന്നുള്ള കാനനപാതയിലൂടെ നടന്നാണെത്തുന്നത്. കേരള- തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ദീർഘകാലമായി തർക്കം നിലവിലുണ്ട്. 1984 മുതൽ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ്. 1985 മുതൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവ ക്രമീകരണങ്ങൾ നടത്തുന്നത്. മംഗളാദേവി ക്ഷേത്രപരിസരത്ത് നിന്ന് നോക്കിയാൽ തമിഴ്നാട്ടിലെ തേനി ഉൾപ്പെടെയുള്ള പട്ടണങ്ങളും തേക്കടി തടാകം, മുല്ലപ്പെരിയാർ ഡാം, കുമളി പട്ടണം എന്നിവ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |