
കോട്ടയം : വോട്ടെടുപ്പ് കഴിഞ്ഞ് ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം നാളെ വോട്ടെണ്ണൽ നടക്കുമ്പോൾ ജയപരാജയത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് മുന്നണികൾ. 2021 ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഒമ്പതിൽ അഞ്ചും യു.ഡി.എഫ് നാലും സീറ്റുകൾ നേടിയിരുന്നു. ഭരണവിരുദ്ധതയും തരംഗ സാദ്ധ്യതയും ഒത്തു ചേർന്ന് വൈക്കം ഒഴിച്ച് എട്ടു സീറ്റും ലഭിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എക്സിറ്റ് പോളും ഇരട്ടി ആത്മവിശ്വാസം നൽകുന്നു. ഇടതു മുന്നണിയാകട്ടെ അഞ്ചുസീറ്റിന് പുറമേ പാലായിൽ ഇക്കുറി ജോസ് കെ.മാണി വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളിലാണ് എൻ.ഡി.എ പ്രതീക്ഷ.
പൂഞ്ഞാറിൽ 2021 ൽ സ്വതന്ത്രനായി മത്സരിച്ചപ്പോൾ ലഭിച്ച 42000 വോട്ടിന് പുറമേ ബി.ജെ.പിയുടെ 20000 വോട്ടുകൂടി ലഭിച്ചാൽ ജയിക്കുമെന്നാണ് പി.സി. ജോർജ് അവകാശപ്പെട്ടത്. പാലായിൽ ഷോൺ ജോർജിന് ജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്. ഇടതുസ്ഥാനാർത്ഥി ഡോ.എൻ.ജയരാജിന് ലഭിക്കേണ്ട വോട്ടുകൾ ജോർജ് കുര്യൻ പിടിക്കുമെന്നതിനാൽ റോണികെ.ബേബിക്ക് ജയസാദ്ധ്യതയുണ്ടെന്ന് യു.ഡി.എഫ് പറയുന്നു.
കോട്ടയം,പുതുപ്പള്ളി, കടുത്തുരുത്തി സീറ്റുകളിൽ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച യു.ഡി.എഫ് പാലാ, ചങ്ങനാശേരി, പൂഞ്ഞാർ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നാണ് വിലയിരുത്തുന്നത്.
ജില്ലയിൽ നിന്ന് എത്ര മന്ത്രിമാർ
ഭരണമുറപ്പിച്ചമട്ടിൽ യു.ഡി.എഫിൽ മന്ത്രിമാരാകാനുള്ള ചർച്ചയും തുടങ്ങി. ജില്ലയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും, മോൻസ് ജോസഫിനും, പുറമേ ചാണ്ടി ഉമ്മനും മന്ത്രിയായേക്കും. ജയിച്ചാൽ മാണി സി.കാപ്പനും, നാട്ടകം സുരേഷും മന്ത്രിമാരായേക്കുമെന്ന പ്രചാരണവുമുണ്ട്. എക്സിറ്റ്പോൾ ഫലത്തിന് വിപരീതമായി ഇടതുമുന്നണി അധികാരത്തിൽ വരുന്ന സാഹചര്യമുണ്ടായാൽ ഏറ്റുമാനൂരിലും, പാലായിലും വി.എൻ.വാസവനും, ജോസ് കെ മാണിയും വിജയിച്ചാൽ ഇരുവരും മന്ത്രിമാരാകും. ഒപ്പം ഡോ.എൻ.ജയരാജിനും അർഹമായ പരിഗണന ലഭിച്ചേക്കും.
''എക്സിറ്റ് പോളിലല്ല ജനങ്ങളിലാണ് വിശ്വാസം. ഇടതുമുന്നണിയ്ക്ക് തുടർഭരണം ലഭിക്കുന്നതിന് പുറമേ ജില്ലയിലും വൻ ജയം നേടും. 2021 ൽ ലഭിച്ച അഞ്ചുസീറ്റിൽ കൂടും.
മന്ത്രി വി.എൻ.വാസവൻ
''വൈക്കം ഒഴിച്ച് ഒമ്പതിൽ എട്ടു സീറ്റും നേടാവുന്ന സാഹചര്യമാണുള്ളത്. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |