
വക്കം: തീരദേശ ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ലെന്ന് പരാതി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാത്രമാണ് നടന്നത്. വേനൽമഴ ശക്തമാകുന്നതിന് മുമ്പ് മഴവെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കണമെന്നാണ് പൊതുവായ ആവശ്യം. എന്നാൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഈ പ്രവൃത്തികളൊന്നും ഇതുവരെയും നടന്നിട്ടില്ല. ആകെ നടന്നത് അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി.ഐ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി മാത്രമാണ്. വാർഡുകളിലെ ഓടകളും കൈത്തോടുകളും പ്രധാന ജലസ്രോതസ്സുകളും മാലിന്യം മൂടി ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. മഴ കനക്കുകയാണെങ്കിൽ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ 4 മുതൽ 9 വരെയുള്ള വാർഡുകളിൽ വെള്ളപ്പൊക്കവും പകർച്ചവ്യാധികളും ഉണ്ടാകും. എത്രയും പെട്ടെന്ന് ശുചീകരണ പ്രവൃത്തികൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലിക്കാതെ നിർദ്ദേശങ്ങൾ
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏപ്രിൽ 1ന് മുമ്പായി കൃത്യമായ രൂപരേഖ തയാറാക്കി മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഡ് അടിസ്ഥാനത്തിൽ കർമ്മപദ്ധതി തയാറാക്കി,ഹോട്ട് സ്പോട്ട്,വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ എന്നിവ കണ്ടെത്തി അവ ഒഴിവാക്കുന്നതിനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കി ഏപ്രിൽ 20ന് മുമ്പായി പ്രവൃത്തികൾ പൂർത്തിയാക്കണം. എന്നാൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ നിലവിൽ ഒരു വാർഡിൽ പോലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |