കഴക്കൂട്ടം: ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നൽകിയതിന്റെ വിരോധത്തിൽ പുതുക്കുറിച്ചി സ്വദേശിയായ യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി തൈവിളകം വീട്ടിൽ നിസാർ (36) എന്ന ജാക്കി നിസാറിനെയാണ് കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തത്. ഏപ്രിൽ 27ന് രാവിലെ 7ന് പുതുക്കുറിച്ചി കടപ്പുറത്ത് വച്ചായിരുന്നു ആക്രമണം.
യുവാവിനെ തടഞ്ഞുനിറുത്തി തോളിൽ മാരകമായി പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ചാന്നാങ്കര ഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്. കഠിനംകുളം എസ്.ഐ സന്തോഷ്,എസ്.സി.പി.ഒമാരായ രാജേഷ്,സുരേഷ്, സി.പി.ഒമാരായ ദീപക്,ശരത്,ചന്ദ്രകാന്ത്,വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട നിസാറിനെതിരെ മോഷണം,നരഹത്യാ ശ്രമം,രാസലഹരി കച്ചവടം,സ്ത്രീധന പീഡനം,ദേഹോപദ്രവം,ആയുധ നിയമം തുടങ്ങി പതിനാലോളം കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. മേഖലയിലെ ക്രിമിനലുകൾക്കും കുറ്റവാളികൾക്കുമെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് എസ്.എച്ച്.ഒ സുനുമോൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |