
കൊച്ചി: അഞ്ചു ജില്ലകൾ പൂർണമായി യു.ഡി.എഫിന്റെ കൈപ്പിടിയിലൊതുങ്ങി. എറണാകുളം, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിൽ ചരിത്രത്തിലാദ്യമായാണ് മുഴുവൻ സീറ്റിലും വിജയം. എറണാകുളം-14, മലപ്പുറം- 16, ഇടുക്കി -5, കോട്ടയം-9. വയനാട്ടിലും ആകെയുള്ള മൂന്നു സീറ്റും യു.ഡി.എഫിനാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയം പകർന്ന ആവേശത്തിൽ ജനപ്രതിനിധികളും പ്രവർത്തകരും നടത്തിയ ചിട്ടയായ പ്രവർത്തനമാണ് യു.ഡി.എഫിന് നേട്ടമായത്.
കോൺഗ്രസിന് മുൻതൂക്കമുള്ള ജില്ലയാണ് എറണാകുളമെങ്കിലും ഇത്തരമൊരു വിജയം യു.ഡി.എഫിന് ആദ്യം. വ്യവസായമന്ത്രി പി. രാജീവ് മത്സരിച്ച കളമശേരിയടക്കം എൽ.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങൾ വീണു. തൃക്കാക്കരയിൽ ഉമ തോമസിന്റെ രണ്ടാം വിജയത്തിന് ഇരട്ടിമധുരം. സിറ്റിംഗ് എം.എൽ.എ കെ.ജെ. മാക്‌സിയെ തോൽപ്പിച്ചാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലം വീണ്ടെടുത്തത്.
തെക്കൻ ജില്ലകളിൽ
നിന്ന് യു.ഡി.എഫ്
നേടിയത് 34 സീറ്റ്
തിരുവനന്തപുരം: യു.ഡി.എഫിന്റെ പടയോട്ടത്തിൽ ഇത്തവണ തെക്കൻ ജില്ലകളും മുന്നണിക്കൊപ്പം നിന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് യു.ഡി.എഫ് നേടിയത് 34 സീറ്റുകളാണ്. 11 സീറ്റുകളാണ് എൽ.ഡി.എഫിന് നേടാനായത്. ബി.ജെ.പിയുടെ വളർച്ചയാണ് ഈ ജില്ലകളിലെ പ്രത്യേകത. 3 സീറ്റുകൾ ബി.ജെ.പി നേടി.
തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഏഴെണ്ണവും യു.ഡി.എഫ് സ്വന്തമാക്കി. 5 മണ്ഡലങ്ങളിലാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബി.ജെ.പി വിജയം നേടി.കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ 8 എണ്ണവും യു.ഡി.എഫ് കരസ്ഥമാക്കി. 2 മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. ചാത്തന്നൂർ മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. പത്തനംതിട്ട ജില്ലയിൽ 4 സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫിന് നേടാനായത് 1 സീറ്റാണ്. ആലപ്പുഴയിൽ 6 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. 3 മുന്നു സീറ്റുകൾ കൊണ്ട് എൽ.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. കോട്ടയം ജില്ലയിൽ യു.ഡി.എഫിന്റെ സമഗ്രാധിപത്യമായിരുന്നു. 9 സീറ്റുകളും യു.ഡി.എഫ് നേടി. കഴിഞ്ഞ തവണ 5 സീറ്റുകൾ എൽ.ഡി.എഫ് നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |