
അടൂർ : ഒന്നരപതിറ്റാണ്ടിന്റെ എൽ.ഡി.എഫ് ഭരണത്തിന് അറുതി വരുത്തിയാണ് അടൂരിൽ യു.ഡി.എഫിന്റെ മിന്നുംവിജയം. 66,153 വോട്ട് നേടി നേടിയാണ് അഡ്വ.സി വി ശാന്തകുമാർ വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ 55821 വോട്ടുകൾ നേടി. 10,332 വോട്ടിന്റെ ഭൂരിപക്ഷം. 26,337 വോട്ടുകളുമായി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പന്തളം പ്രതാപനാണ് മൂന്നാം സ്ഥാനത്ത്. 2011 മുതൽ ചിറ്റയം ഗോപകുമാറിലൂടെ എൽ ഡി എഫ് ഹാട്രിക്ക് വിജയം നേടിയ മണ്ഡലത്തിലാണ് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫ് വിജയം നേടിയത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ വിവാദങ്ങളിൽ ഇടം നേടിയ മണ്ഡലമാണ് അടൂർ. പ്രിജി കണ്ണന്റെ പേര് വിവാദവും സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരന്റെ രാജിയും അടൂരിനെ വാർത്തകളിൽ നിറച്ചു. 2016 ൽ 76,034 വോട്ടുകളും 2021 ൽ 66,569 വോട്ടുകളും നേടി വിജയിച്ച മണ്ഡലത്തിലാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. 2016 ൽ 50,574 വോട്ടുകളായിരുന്നു യു.ഡി.എഫിന്റെ വോട്ട് വിഹിതം.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വിജയിച്ച ആത്മവിശ്വാസവുമായാണ് യു ഡി എഫ് ഇക്കുറി മത്സരത്തിനിറങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയെന്ന് എൻ ഡി എയ്ക്ക് ആശ്വസിക്കാമെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും നേടിയ വോട്ട് വിഹിതം നേടാനായില്ല. 2016 ൽ 25,940 വോട്ടും 2021ൽ 23,980 വോട്ടുകളുമാണ് എൻ ഡി എ നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |