
തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെ.സി. വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്ലക്സ്. കെ.സിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ.സി എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. ഡി.സി.സി ഓഫീസിന് മുന്നിലും പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപവും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ പാലക്കാടും ഫ്ലക്സ് ഉയർന്നിരുന്നു.
അതേസമയം യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടൻ തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. കൂടിയാലോചിച്ച് തീരുമാനിക്കും. പാർട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവർത്തകനാണ് താൻ. പാർട്ടിയുടെ നിലപാട് എന്തായാലും അതിനൊപ്പം നിൽക്കും. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കൈയടക്കാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്ന യഥാർത്ഥ കേരള സ്റ്റോറിയാണ് തിരഞ്ഞെടുപ്പുഫലം. പത്തു വർഷത്തെ എൽ.ഡി.എഫിന്റെ ധിക്കാരം നിറഞ്ഞ ദുർഭരണത്തിനെതിരായ ജനവികാരമാണിത്. യഥാർത്ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്ന ജനവിധിയാണിത്. സി.പി.എമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാർട്ടിവിട്ട നേതാക്കളെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാക്കാനുള്ള തീരുമാനവും ഈ വൻവിജയത്തിന് സഹായിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |