
മണ്ണാർക്കാട്: വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി മണ്ണാർക്കാട് എസ്.സി. എസ്.ടി കോടതി 18വരെ നീട്ടി. പ്രതികളുടെ ജാമ്യഹർജിയിൻമേൽ വിധിപറയാൻ 12ലേക്ക് മാറ്റിയതായും സ്‌പെഷ്യൽ കോടതി ജഡ്ജ് ജോമോൻ ജോൺ ഉത്തരവിട്ടു.
ചൊവ്വാഴ്ച ജാമ്യഹർജി പരിഗണിക്കവെ പ്രതികൾ ചെയ്ത കുറ്റം ഗൗരവമാണെന്ന് നിരീക്ഷിച്ചശേഷമാണ് വിധിപറയുന്നത് കോടതി നീട്ടിവെച്ചത്. ആൾക്കൂട്ടകൊലപാതക വിഷയത്തിൽ നിലവിലുള്ള സുപ്രീംകോടതി വിധിയുടെ ഗൗരവവും എടുത്തുകാട്ടി. കേസിലെ ആറും ഒമ്പതും ഒഴികെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അടുത്തദിവസങ്ങളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും വിവരമുണ്ട്. പ്രതികൾക്ക് സ്വാഭാവികജാമ്യം ലഭിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. 2025 ഡിസംബർ 17നാണ് ആൾക്കൂട്ടമർദ്ദനത്തെ തുടർന്ന് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണൻ കൊല്ലപ്പെട്ടത്.
കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഇതിലെ ആറാംപ്രതി ആഴ്ചകൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജീവ് നടക്കാവിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |