
കോട്ടയം : ഒമ്പതു സീറ്റും തൂത്തുവാരി യു.ഡി.എഫ് കോട്ടതീർത്ത കോട്ടയത്ത് മന്ത്രിസ്ഥാനത്തിനായി ചരടുവലി. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് മോൻസ് ജോസഫ് എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. ചാണ്ടി ഉമ്മൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മാണി സി. കാപ്പൻ എന്നിവരുടെ പേരും സജീവമായി ഉയരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ മകനെന്ന പ്രത്യേക പരിവേഷവും അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും ഓർത്തഡോക്സ് സഭാംഗമെന്ന പരിഗണനയുമാണ് ചാണ്ടിയ്ക്ക് അനുകൂലം. രാഹുൽഗാന്ധി അടക്കം ഉന്നത നേതാക്കളുമായുള്ള ബന്ധവും ചാണ്ടിയ്ക്ക് തുണയാകുമെന്നും യുവജന ക്ഷേമം ലഭിക്കുമെന്നുമുള്ള പ്രചാരണം അനുയായികൾ തുടങ്ങി.
ഈഴവ പ്രതിനിധ്യമാണ് കന്നി പോരാട്ടത്തിൽ മന്ത്രി വി.എൻ.വാസവനെ അട്ടിമറിച്ച നാട്ടകം സുരേഷിന് അനുകൂല ഘടകം. എം.ലിജു, ബിന്ദു കൃഷ്ണ തുടങ്ങിയ മുതിർന്ന നേതാക്കൾ ഈഴവ വിഭാഗത്തിൽ നിന്നുണ്ടെങ്കിലും മന്ത്രി കസേരയുറപ്പിക്കാനുള്ള കളികൾ നാട്ടകവും തുടങ്ങി.
കാപ്പന് ടേംവ്യവസ്ഥ ?
പാലായിൽ ജോസ് കെ.മാണിയെ തോൽപ്പിച്ച് ഹാട്രിക് ജയം നേടിയതാണ് മാണി സി.കാപ്പന് അനുകൂലം. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ കാപ്പൻ ജയിച്ചാൽ മന്ത്രിയാകുമെന്ന് വി.ഡി.സതീശൻ ആവർത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനും ഇത് സഹായകമായി. ഇനി മത്സരത്തിനില്ലെന്ന് കാപ്പൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടേം വ്യവസ്ഥയിലാണെങ്കിലും കാപ്പനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്നാണ് അനുയായികളുടെ ആവശ്യം.
ജില്ലയിൽ നിന്ന് 3 കോൺഗ്രസ് എം.എൽ.എമാർക്ക് സാദ്ധ്യത കുറവ്
തിരുവഞ്ചൂർ രാധാകൃഷ്ണനും, മോൻസ് ജോസഫും ഉറപ്പിച്ചു
ചാണ്ടി ഉമ്മനെ പരിഗണിച്ചില്ലെങ്കിൽ നാട്ടകം സുരേഷിന് സാദ്ധ്യത
ജാതി - മത രാഷ്ട്രീയ തലത്തിലുള്ള സമ്മർദ്ദം പലരും ആരംഭിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |