കണ്ണൂർ: മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് കെ.കെ ശൈലജയെ മാറ്റിയത് ഒതുക്കാൻ മാത്രമല്ല, രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കാൻ കൂടിയാണെന്ന ആശങ്ക സി.പി.എം അണികളിലും ഇടത് അനുഭാവികളിലും പരക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് തോൽവി നേരിട്ടത് മുതൽ ശൈലജയെ പാർട്ടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
ഒന്നാം പിണറായി സർക്കാറിലെ ജനകീയ മുഖവും, ആരോഗ്യ മന്ത്രിയുമായിരുന്നു കെ.കെ ശൈലജയെ രണ്ടാം പിണറായി സർക്കാറിൽ നിന്ന് പൂർണമായും മാറ്റി നിർത്തപ്പെട്ടുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് മട്ടന്നൂരിൽ നിന്ന് പേരാവൂറിൽ മത്സരിപ്പിച്ച് പരാജയം നേരിട്ടതോടെ തെളിയുന്നത്. പക്ഷേ, ഈ തോൽവി പാർട്ടിക്ക് ഇത്തവണയുണ്ടായ തിരച്ചടിയുടെ ഭാഗമാണെന്നും ഈ തിരച്ചടിക്ക് ശൈലജയുടെ സ്ഥാനാർത്ഥിത്വവും കാരണമായെന്നും വിലയിരുത്തുന്നവരുണ്ട്.
ശൈലജയുടെ തോൽവി പാർട്ടി പ്രവർത്തകർക്കിടയിലുണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല. 2021ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരിൽനിന്നു ശൈലജ നിയമസഭയിലെത്തിയത്. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്നുവരെ പ്രചാരണം ഉണ്ടായി. എന്നാൽ ഇക്കുറി മട്ടന്നൂരിൽ ഭൂരിപക്ഷം 14,168ലേക്ക് കൂപ്പുകുത്തി.
രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മത്സരിക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ചിലർക്ക് ഇളവ് നൽകി. എന്നാൽ ആ ഇളവ് ശൈലജയ്ക്കു നൽകേണ്ടതില്ല എന്നായിരുന്നു പാർട്ടിയുടെ ആദ്യ തീരുമാനം. ശൈലജയ്ക്കു മത്സരിക്കണമെങ്കിൽ സി.പി.എമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂർ വിട്ട് പേരാവൂരിൽ ആകാമെന്നായിരുന്നു പാർട്ടി ജില്ലാ കമ്മറ്റിയുടെ നിർദ്ദേശം. മട്ടന്നൂരിൽ തന്നെ മത്സരിക്കാൻ അവസാനംവരെ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ശൈലജ പാർട്ടി തീരുമാനം അംഗീകരിച്ചു. ശൈലജ പേരാവൂരിൽ ഒരുതവണ മത്സരിച്ചു ജയിച്ച കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ശൈലജയെ മട്ടന്നൂരിൽ തന്നെ മത്സരിപ്പിക്കേണ്ടതായിരുന്നു എന്നാണ് ഇടത് അനുഭാവികളും സി.പി.എം അണികളും ഇപ്പോഴും പറയുന്നത്. മട്ടന്നൂരിൽ നിന്ന് ശൈലജയെ മാറ്റിയത് മറ്റ് മണ്ഡലങ്ങളിലെ ജനവിധിയെ വരെ ബാധിച്ചുവെന്നാണ് ഇടതുക്യാമ്പിലെ ചിലയിടങ്ങളിലെ വിലയിരുത്തൽ.
തോൽവിയുടെ
കണക്കുകൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിലിനോട് 1,14,506 വോട്ടിന്റെ തോൽവി. പേരാവൂരിൽ 14,453 വോട്ടിന് സണ്ണി ജോസഫിനോടു ശൈലജ രണ്ടാമതും തോറ്റു. 2011ൽ പേരാവൂരിൽ സണ്ണി ജോസഫിനോട് തോറ്റത് 3,440 വോട്ടിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |