
കൊല്ലം: കൊല്ലം-തേനി ദേശീയപാത വികസനത്തിന്റെ ചെലവ് കുറയ്ക്കാൻ റോഡിന്റെ വീതി 24 മീറ്ററിൽ നിന്ന് 20 മീറ്ററായി ചുരുക്കാൻ നീക്കം. പ്രശ്നം ചെലവാണെങ്കിലും 24 മീറ്റർ വീതി ആവശ്യമായ തരത്തിലുള്ള ഗതാഗത സാന്ദ്രതയില്ലെന്ന വാദമാണ് ഉപരിതല ഗതാഗത മന്ത്രാലത്തിലെ ചിലർ ഉയർത്തുന്നത്.
24 മീറ്ററിൽ നാലുവരിപ്പാത വികസിപ്പിച്ചാൽ ഒരുവരി റോഡിന് നാല് മീറ്റർ വീതിയുണ്ടാകും. 20 മീറ്ററിൽ നാലുവരിപ്പാത നിർമ്മിച്ചാൽ ക്യാരേജ് വേയുടെ വീതി കുറഞ്ഞ് ഒരു ദിശയിലേക്ക് ഒരേസമയം രണ്ട് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ 24 മീറ്റർ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ്, കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം പുനരധിവാസം, യൂട്ടിലിറ്റി ഷിഫ്ടിംഗ് എന്നിവയ്ക്ക് ഏകദേശം 1000 കോടിക്ക് മുകളിൽ ചെലവ് പ്രതീക്ഷിക്കുന്നു. നിർമ്മാണ ചെലവും 1000 കോടിയാകുമെന്നാണ് കണക്കുകൂട്ടൽ. 20 മീറ്ററിലേക്ക് ചുരുക്കിയാൽ സ്ഥലമേറ്റെടുക്കൽ, കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നീ ചെലവുകളിൽ വലിയ കുറവുണ്ടാകും.
നേരത്തെ പദ്ധതി ചെലവ് കുറയ്ക്കാൻ കടവൂർ മുതൽ ഇളമ്പള്ളൂർ വരെയുള്ള ഭാഗം വികസനത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തി വികസനം കടവൂരിൽ നിന്നുതന്നെ ആരംഭിക്കാൻ ധാരണയായിരുന്നു.
1000 കോടി കടന്നാൽ
മന്ത്രിസഭ അംഗീകരിക്കണം
പദ്ധതി ചെലവ് 1000 കോടിയിൽ കൂടിയാൽ മന്ത്രിസഭയുടെ അംഗീകാരം തേടണം
ഇങ്ങനെ നൽകിയാൽ വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനയ്ക്ക് കാലതാമസമുണ്ടാക്കും
ഈ സാഹചര്യത്തിൽ വീതി കുറയ്ക്കുന്നതിനൊപ്പം കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള 54 കിലോമീറ്റർ ദൂരത്തെ രണ്ട് റീച്ചുകളായി വിഭജിച്ച് ചെലവ് ആയിരം കോടിക്ക് താഴെയാക്കി രണ്ട് പാക്കേജുകളായി നടപ്പാക്കാൻ ആലോചന
നിലവിലെ അവസ്ഥ
വീതി 10 മുതൽ 12 മീറ്റർ വരെ
ഗതാഗതക്കുരുക്ക് രൂക്ഷം
കയറ്റിറങ്ങളും വളവുതിരിവുകളും
കടവൂർ - ആഞ്ഞിലിമൂട് ദൂരം 54 കിലോമീറ്റർ
ഇടയ്ക്കുണ്ടായ ധാരണ
24 മീറ്ററിൽ വികസനം
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ നാലുവരിപ്പാത
കടപുഴയിൽ പുതിയ പാലം
പെരിനാട് പുതിയ ആർ.ഒ.ബി
ഇരുവശങ്ങളിൽ 1.5 മീറ്റർ നടപ്പാത
ജംഗ്ഷനുകളിൽ ബസ് ബേ
പദ്ധതി ചെലവ് വർദ്ധിച്ചാൽ മന്ത്രിസഭയുടെ അംഗീകാരം തേടണം. ഇത് ദേശീയപാത വികസനത്തിന്റെ വേഗം കുറയ്ക്കും. വീതി കുറച്ച് ചെലവ് ചുരുക്കുകയാണ് അഭികാമ്യം.
ദേശീയപാത അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |