തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് തടവിലായിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളായ നസീമും ശിവരഞ്ജിത്തും ജയിലിന് പുറത്തേക്ക്. ഇവർ കുറ്റാരോപിതരായിരുന്ന യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിലും പി.എസ്.സി ക്രമക്കേട് കേസിലും 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് ഇരുവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ എല്ലാ കേസിലും ജാമ്യം ലഭിച്ച പ്രതികൾ സെൻട്രൽ ജയിൽ വിടുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ ഇരുവർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ പി.എസ്.സി ക്രമക്കേട് കേസിൽ അത് ലഭിച്ചിരുന്നില്ല. തുടർന്ന്, പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയപ്പോഴാണ് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. പി.എസ്.സി ക്രമക്കേട് കേസിന്റെ അന്വേഷണം വൈകിയാണ് ആരംഭിച്ചതെന്നും അതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുത്തുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതാകട്ടെ ഇനിയും പ്രതികളെ പിടികൂടാൻ ഉള്ളതുകൊണ്ടാണെന്നും പൊലീസ് പറയുന്നു. യൂണിവേഴ്സിറ്റി വധശ്രമക്കേസിൽ ആകെ 19 പ്രതികളാണുള്ളത്. ഇതിൽ ഇനി ഒരു പ്രതി കൂടെയേ പിടിയിലാക്കാനുള്ളൂ എന്നും പൊലീസ് പറയുന്നു. ഈ കേസിലും പൊലീസ് നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |