ചന്തേര(കാസർകോട്): വിവാഹ ദിവസം വീട്ടിലേയ്ക്ക് കയറിവന്ന കളക്ടറെ കണ്ട് പടിഞ്ഞാറേക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ രാകേഷ് അമ്പരന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് കളക്ടർക്ക് ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടത് നേര്. എങ്കിലും വീട് തേടിപ്പിടിച്ച് കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വിവാഹ വീട്ടിൽ ചെന്ന കാര്യം കളക്ടറും പോസ്റ്റി. ഈ പോസ്റ്റ് കാസർകോട്ട് വൈറലായിരിക്കയാണ്.
കളക്ടറുടെ പോസ്റ്റിലും കാര്യമുണ്ട്. ഭർത്താവ് മരിച്ച ഏഴ് വയസ് പ്രായമുള്ള മകളുള്ള യുവതിയെ രാകേഷ് വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാൻ തീരുമാനിച്ചു. ഈ മാതൃകയാണ് കളക്ടറെ ആ വീട്ടിലേയ്‌ക്ക് ആകർഷിച്ചത്. ഭർത്താവ് മരിച്ച സ്ത്രീകളുടെ ജീവിതം പ്രധാന സാമൂഹ്യ പ്രശ്നമെന്ന നിലയിൽ കളക്ടർക്ക് മുമ്പിലുണ്ടായിരുന്നു.
'സാർ ഇന്ന് എന്റെ വിവാഹമാണ് സാർ, വന്നിരുന്നെങ്കിൽ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും. ഞാൻ വിവാഹം കഴിക്കുന്നത് ഭർത്താവ് മരിച്ച ഏഴ് വയസുള്ള മകളുള്ള യുവതിയെയാണ്..' എന്നായിരുന്നു രാകേഷിന്റെ കളക്ടർക്കുള്ള കുറിപ്പ്. നാടുനീളെ വിവാഹം അറിയിക്കാൻ പോയപ്പോഴും രാകേഷ് ഇങ്ങനെ പറഞ്ഞു തന്നെയാണ് ക്ഷണിച്ചത്. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം.
പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയൽ നോക്കുന്ന നേരത്താണ് വാട്സ്ആപ്പ് സന്ദേശങ്ങളിലൊന്ന് കളക്ടർ പ്രത്യേകം ശ്രദ്ധിച്ചത്, സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് വന്ന, കല്യാണക്കുറി വായിച്ചപ്പോൾ പോകണമെന്ന് കളക്ടറുടെ മനസ് പറഞ്ഞു. 'രാകേഷിന്റെ വാക്കുകൾ കൊള്ളിയാൻ പോലെ എന്റെ ഹൃദയത്തിൽ കൊണ്ടു. ഉടൻ തീരുമാനിച്ചു വിവാഹത്തിൽ തീർച്ചയായും പങ്കെടുക്കണം. വീട് തേടിപ്പിടിച്ചു. നമ്മുടെ ജില്ല നേരിടുന്ന ചില സാമുഹിക പ്രശ്നങ്ങൾ സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ്..' കളക്ടറുടെ പോസ്റ്റ് തുടരുന്നു.
ജില്ലയിൽ ഭർത്താവ് ഉപേക്ഷിച്ചതോ ഭർത്താവ് മരിച്ചവരോ ആയ 46,488 സ്ത്രീകളുണ്ട്. കൂടുതൽ കാസർകോട് നഗരസഭാ പരിധിയിലാണ് 6553 സ്ത്രീകൾ. കുറവ് മീഞ്ച പഞ്ചായത്തിൽ 73 സ്ത്രീകൾ. പലർക്കും രാകേഷ് ഒരു പ്രചോദനം ആവട്ടെ...എഫ് ബി പോസ്റ്റ് ഇങ്ങനെയാണ് സമാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |