ന്യൂഡൽഹി : കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വെെകും. വർക്കിംഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ഖജാൻജി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാനാണ് പുതിയ നീക്കം. 126 പേരുടെ പട്ടികയുമായാണ് കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലെത്തിയത്. എന്നാൽ, ജംബോ പട്ടികയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് ആദ്യഘട്ടത്തിൽ 30 ജനറൽ സെക്രട്ടറിമാരെയും അഞ്ച് വർക്കിംഗ് പ്രസിഡന്റുമാരെയും ഖജാൻജിയെയും മാത്രം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സെക്രട്ടറിമാരുടെ പ്രഖ്യാപനം പിന്നീട് നടത്താനാണ് സാദ്ധ്യത.
കെ.പി.സി.സി. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമോ അതല്ലെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും ഈ പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയിരുന്നു.
കെ.പി.സി.സിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ കെ.മുരളീധരൻ എം.പിയും പാർട്ടി അദ്ധ്യക്ഷയെ അതൃപ്തി അറിയിച്ചിരുന്നു. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടോ എം.പിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സോണിയ ഗാന്ധിയെ നേരിൽ കണ്ടാണ് മുരളീധരൻ പരാതിപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |