ചെങ്ങന്നൂർ: വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ബംഗ്ളാദേശുകാരായ ലബ്‌ലു, ജുവൽ എന്നിവരാണ് കോറമണ്ഡൽ എക്‌സ്‌പ്രസിൽ നിന്ന് ആർപിഎഫിന്റെ പിടിയിലായത്. വിശാഖപട്ടണത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ നാളെ കേരളത്തിലെത്തിക്കും. മോഷണം പോയ സ്വർണാഭരണങ്ങളും പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വെണ്മണി കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടിൽ കെ.പി. ചെറിയാൻ (കുഞ്ഞുമോൻ-75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വീട്ടിൽ പണിക്കെത്തിയ ലബ്‌ലുവും ജുവലും ചേർന്ന് കൊലപ്പെടുത്തിയത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാൻ മരിച്ചത്. മൃതദേഹത്തിനു സമീപം കമ്പിപ്പാര കിടപ്പുണ്ടായിരുന്നു. മൺവെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മൺവെട്ടി ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു.
കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികൾ നാട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. തിങ്കളാഴ്ചയാണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ സുഹൃത്തുക്കളോടൊപ്പം ആലപ്പുഴ കായലിൽ ബോട്ടിംഗിന് പോകാനിരിക്കുകയായിരുന്നു ചെറിയാൻ. ഇതേക്കുറിച്ച് പറയാൻ സുഹൃത്തുക്കൾ തിങ്കളാഴ്ച പലതവണ ചെറിയാനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെ അവർ വീട്ടിലെത്തി. തലേന്ന് വൈകിട്ട് കൊണ്ടുവന്ന പാൽ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു. വീടിന്റെ പിൻഭാഗത്തെ കതക് ചാരിയ നിലയിലായിരുന്നു. അടുക്കളയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ലില്ലിയുടെ മൃതദേഹം.
അകത്തെ മുറിയിലെ അലമാരയിൽ നിന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഹാളിലെ കസേര മറിഞ്ഞുകിടപ്പുണ്ടായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീടിന് പിൻഭാഗത്തെ സ്റ്റോർറൂമിൽ കമഴ്ന്നുകിടക്കുന്ന ചെറിയാന്റെ മൃതദേഹം കണ്ടത്. ബന്ധുക്കളും സുഹൃത്തുക്കളും വീടിനു സമീപം താമസിക്കുന്നുണ്ടെങ്കിലും കനത്ത മഴയായിരുന്നതിനാൽ ബഹളം ആരും കേട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |