തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയെ എതിർത്തുകൊണ്ട് സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജിൽ നാളെ സുപ്രീം കോടതി വിധി പറയാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട അമ്പതോളം ഹർജികളിലാണ് സുപ്രീം കോടതി നാളെ വിധി പറയുന്നത്. നാളെ വരുന്ന ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ ആരും അക്രമങ്ങൾക്ക് തുനിയരുതെന്നും വിദ്വേഷ പ്രചാരണം നടത്താൻ പാടില്ലെന്നും കേരള പൊലീസ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽ പെടുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നാളെ പുറത്തുവരുന്ന വിധി തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെയും പൊലീസ് കടുത്ത നിയമനടപടി സ്വീകരിക്കും. ഏതാനും ദിവസം മുൻപ് സുപ്രീം കോടതി അയോദ്ധ്യ ഭൂമിതർക്ക കേസിൽ വിധി പറയുമ്പോഴും സമാന നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു. 2018 സെപ്തംബർ 28നാണ് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 10 മുതൽ 50 വയസുവരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്നതായിരുന്നു വിധി. 1991ലെ കേരള ഹൈക്കോടതിയുടെ വിധിയെത്തുടർന്നാണ് ഈ പ്രായത്തിനിടയിലുള്ളവർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |