കോയമ്പത്തൂർ: ഇരിക്കൂറിൽ ട്രെയിൻ തട്ടി നാല് വിദ്യാർഥികൾ മരണമടഞ്ഞു. ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിട്ടുമുണ്ട്. സുളൂരിലെ സ്വകാര്യ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. കൊടൈക്കനാൽ സ്വദേശിയായ സോതിക് രാജ, നീലൈകോട്ടെ സ്വദേശി രാജശേഖർ, ഗൗതം, രാജയപാളയം സ്വദേശി കറുപ്പ് സ്വാമി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.15 മുതൽ 11 വരെയുള്ള സമയത്തിനിടക്ക് സുളൂർ-ഇരുഗുർ സ്റ്റേഷനുകൾക്കിടെയാണ് അപകടം നടന്നത്. നാല് വിദ്യാർത്ഥികളും റെയിൽവേ ട്രാക്കിൽ ഇരിക്കുമ്പോഴാണ് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ഇവരെ ഇടിച്ചത്.
പരിക്കേറ്റ തേനി സ്വദേശിയായ വിശ്വനേശ് എന്ന വിദ്യാർത്ഥിയെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിശ്വനേശിന്റെ നില അതീവ ഗുരുതരമാണ് എന്നാണ് അറിയുന്നത്‍. വിദ്യാർത്ഥികൾ എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്നും മരണം സംബന്ധിച്ച മറ്റു കാര്യങ്ങളെ കുറിച്ചും പോത്തന്നൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോതികും രാജശേഖറും അവസാന വർഷ എഞ്ചിനിയറിംഗ് വിദ്യാർഥികളാണ്. ഇവരുടെ കോളജിൽ തന്നെ പഠിച്ചിറങ്ങിയ മറ്റു മൂന്നുപേരും സപ്ലി പരീക്ഷയ്ക്കായി എത്തിയതായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |