തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാദ്ധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനഃപരിശോധന ഹർജി സംബന്ധിച്ച് സുപ്രീംകോടതിയിൽ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്നും അതിന് ശേഷം കൂടുതൽ പ്രതികരണങ്ങളാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധി വന്നാൽ അത് അതേ പടി അംഗീകരിക്കും. പുനഃപരിശോധനാ വിധികളിൽ തീർപ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിയമ വിദഗ്ദ്ധരുടെ സഹായം തേടും
പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല. പുനഃപരിശോധന ഹർജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ട് പേർ പുനഃപരിശോധനക്കെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അവരിൽ ഒരാളുകൂടി കൂടിയിരുന്നെങ്കിൽ എന്ന് പറഞ്ഞ് ചിരിച്ച് നിറുത്തിയാണ് പിണറായി വിജയൻ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |