തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തന്നെയാണ് തന്റേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണ ശബരിമലയിലേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയിലുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ദർശനത്തിനായി എത്തിയ സംഘത്തിലെ യുവതികളെ തിരിച്ചയച്ച കാര്യത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിലെ സൗകര്യങ്ങൾ വിഷയമാക്കിയ യോഗത്തിൽ എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാദ്ധ്യത ശബരിമല ഭക്തരിൽ നിന്നും ലഭിക്കുന്ന നടവരവിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത്തവണത്തെ മണ്ഡലകാലം മുതൽ ഭക്തരുടെ വാഹനങ്ങൾ ശബരിമലയിലേക്ക് കടത്തിവിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
200 കെ.എസ്.ആർ.ടി.സി ബസുകളാണ് പമ്പ - നിലയ്ക്കൽ ചെയിൻ സർവീസുകളിലൂടെ ഭക്തർ ഉപയോഗപ്പെടുത്തുക. ഇത്തവണ ഈ ബസുകളിൽ കണ്ടക്ടർമാരും ഉണ്ടാകും. കഴിഞ്ഞ തവണ പമ്പയിലും നിലയ്ക്കലിലും ഉള്ള കൗണ്ടറുകളിലൂടെയാണ് ഭക്തർ ടിക്കറ്റുകൾ എടുത്തിരുന്നത്. ഇത് ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു എന്ന് മനസിലായതിനാലാണ് കണ്ടക്ടർമാർ ബസുകളിൽ നിയമിക്കാൻ തീരുമാനമായത്. ഇത്തവണ അംഗപരിമിതർക്കായി പ്രത്യേകം സർവീസുകളും ഉണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |