മുംബയ്: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എൻ.സി.പി നേതാവ് ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ച നാളത്തേക്ക് മാറ്റി. ഇന്നലെ പൂനെയിൽ ചേർന്ന എൻ.സി.പിയുടെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം പവാറിന് കൃത്യസമയത്ത് ഡൽഹിയിലെത്താൻ ബുദ്ധിമുട്ടാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോർ കമ്മിറ്റി യോഗം വൈകിട്ട് നാലു മണിക്കാണ് ആരംഭിച്ചത്. അതിന് ശേഷം ഡൽഹിയിൽ എത്തിയാലും കൂടിക്കാഴ്ച നടത്താൻ വൈകുമെന്നത് കൊണ്ടാണ് റദ്ദാക്കിയത്. എൻ.സി.പിയും കോൺഗ്രസും ശിവസേനയും തമ്മിലുള്ള സഖ്യത്തെക്കുറിച്ചാണ് യോഗത്തിൽ പ്രധാനമായും ചർച്ച നടത്തിയത്. ഇന്നോ നാളെയോ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി പവാർ കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്.
അതിനിടെ ശിവസേന, എൻ.സി.പി, കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണുന്നത് വേണ്ടെന്ന് വച്ചിരുന്നു.
കർഷകരുടെ പ്രശ്നം ചർച്ചചെയ്യാനാണ് ഗവർണറെ കാണാൻ തീരുമാനിച്ചത് എന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. മൂന്നു കക്ഷികളുടെയും നേതാക്കൾ ആദ്യമായി ഗവർണറെ ഒരുമിച്ച് കാണുന്നതിൽ വലിയ രാഷ്ട്രീയപ്രാധാന്യവുമുണ്ടായിരുന്നു. എന്നാൽ, നേതാക്കൾ തന്നെയാണ് അവസാന നിമിഷം കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് ഗവർണറുടെ ഓഫീസിൽ നിന്ന് അറിയിച്ചു. മൂന്നു പാർട്ടികളും ചർച്ചചെയ്ത് പൊതു മിനിമം പരിപാടിയുടെ കരട് രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇവ മുതിർന്ന നേതാക്കൾ അംഗീകരിക്കുന്നതോടെ സർക്കാരുണ്ടാക്കാനുള്ള നീക്കത്തിന് വേഗത കൂടും. ഇതിനിടെ ശിവസേനയുമായി ബി.ജെ.പി പിൻവാതിൽ ചർച്ച തുടങ്ങി എന്ന വാർത്തയും പുറത്ത് വന്നിരുന്നു. ബി.ജെ.പി നേതാക്കൾ തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. എന്നാൽ, ശിവസേന ഇക്കാര്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
അതേസമയം, ഡൽഹിയിൽ നടക്കുന്ന എൻ.ഡി.എ യോഗത്തിലേക്ക് ശിവസേനയെ ക്ഷണിച്ചിട്ടില്ല. രാജ്യസഭയിൽ ശിവസേനാ അംഗങ്ങളുടെ ഇരിപ്പിടം പ്രതിപക്ഷബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് ഇരുപാർട്ടികളുടെയും അകൽച്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |