എവിടെ തൊട്ടാലും മർമ്മമെന്ന ബോദ്ധ്യത്താൽ നയിക്കപ്പെടുന്ന മർമ്മാണിയുടെ ദൈന്യാവസ്ഥയിലൂടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും കടന്നുപോകുന്നതെന്ന് ന്യായമായും കരുതാവുന്നതാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ നന്നാക്കാൻ മന്ത്രി തൊടുന്നിടമെല്ലാം മർമ്മമാണെന്ന് ചൂണ്ടിക്കാണിക്കുന്നത് പ്രതിപക്ഷമാണ്. എന്നാൽ, ആ മർമ്മങ്ങളിൽ തൊടാതിരുന്നാലോ അതും കുഴപ്പം എന്നതാണ് അവസ്ഥയെന്ന് മന്ത്രി സങ്കടപ്പെടുകയുണ്ടായി.
കേരള സർവകലാശാലയുടെ കരട് പരീക്ഷാകലണ്ടറിൽ മന്ത്രിയുടെ ഓഫീസിടപെട്ട് യു.ജി.സി നിബന്ധന പോലും അട്ടിമറിച്ച് തിരുത്തലിന് നിർദ്ദേശിച്ചെന്ന് വി.ഡി. സതീശൻ സബ്മിഷനിലൂടെ ആരോപിച്ചപ്പോൾ, യു.ജി.സി നിർദ്ദേശത്തിന് വിരുദ്ധമായി ഒരിക്കലുമിടപെട്ടിട്ടില്ലെന്ന് മന്ത്രി ആണയിട്ടു. പരീക്ഷകളും ഫലങ്ങളും ഏകീകരിക്കണമെന്നേ പറഞ്ഞിട്ടുള്ളൂവെന്നാണ് മന്ത്രിയുടെ വാദം. സർവകലാശാലകളുടെ കാര്യത്തിൽ ഇങ്ങനെ മന്ത്രി ഇടപെടരുതെന്ന് ഈ ഘട്ടത്തിൽ ഉപദേശിച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. ഒരിടപെടലും നടത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷനേതാവിന്റെ ഉപദേശങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ അദ്ദേഹം കണ്ടെത്തി. ഇടപെട്ടാലും കുറ്റം, ഇടപെടാതിരുന്നാലും കുറ്റം എന്നതത്രേ സമീപനം.
കേരള സർവകലാശാലയുടെ കമ്പ്യൂട്ടർ ശൃംഖലയിൽ ജീവനക്കാർ നുഴഞ്ഞുകയറി മാർക്ക്തട്ടിപ്പ് നടത്തിയെന്ന കേസിലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. തട്ടിപ്പിനെതിരെ കർശന നടപടിയെടുത്തിട്ടും അടിയന്തരപ്രമേയവുമായെത്തിയതാണ് പ്രതിപക്ഷം വെറും ദോഷൈകദൃക്കുകൾ മാത്രമായി മാറുന്നുവെന്ന ചിന്ത മന്ത്രിയിൽ ശക്തമാക്കിയത്. സന്താപമായാലും സന്തോഷമായാലും ഇന്നലെ മന്ത്രി ജലീലിന്റെ 'ടൈം' ആയിരുന്നു സഭയിലെന്ന് നിസംശയം പറയാം. 'നല്ല ബെസ്റ്റ് ടൈം' എന്നാരെങ്കിലും നിരൂപിച്ചാലും തെറ്റ് പറയാനാവില്ല. അടിയന്തരപ്രമേയം, സതീശന്റെ സബ്മിഷൻ, സർവകലാശാലാ സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരുടെ കാലാവധി നിജപ്പെടുത്താനുള്ള രണ്ട് ഭേദഗതിബില്ലുകൾ എന്നിവയായപ്പോൾ ജലീൽവധം ആട്ടക്കഥ ഭംഗിയാക്കി പ്രതിപക്ഷം സായൂജ്യമടഞ്ഞു.
മന്ത്രി ജലീൽ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതലയേറ്റതോടെ ഉന്നതവിദ്യാഭ്യാസത്തെ വെറും അഭ്യാസമാക്കി മാറ്റിയെന്ന് അടിയന്തരപ്രമേയനോട്ടീസ് നൽകി സംസാരിച്ച റോജി എം.ജോൺ പരിഹസിച്ചു. ആയിരം കിലോ സ്വർണം കടത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ റവന്യൂ ഇന്റലിജൻസുകാർ അന്വേഷണത്തിന് ചെന്നപ്പോഴും കിട്ടിയത് കേരള സർവകലാശാലാ ഉത്തരപേപ്പറാണത്രേ. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം നേടിയ നേട്ടങ്ങളെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷശ്രമമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇനി തേക്കാൻ എന്ത് കരിയാണ് ബാക്കിയുള്ളതെന്നാണ് പ്രതിപക്ഷനേതാവിന്റെ 'കറുത്ത ഹാസ്യം.' ഒരു പൂ ചോദിച്ചാൽ പൂന്തോട്ടം തന്നെ കൊടുക്കുന്ന മന്ത്രിക്ക് കീഴെയുള്ളവർ പൂച്ചട്ടിയെങ്കിലും കൊടുത്തില്ലെങ്കിൽ മോശമല്ലേയെന്ന് എം.കെ. മുനീർ കുത്തി.
പണ്ട് ചാക്കീരി പാസ് എന്ന് പറഞ്ഞുനടന്നത് പോലെ, മന്ത്രി ജലീൽ മോഡറേഷൻ കൊടുത്ത് വിജയിപ്പിക്കുന്ന രീതിയെ ജലീൽപാസ് എന്ന് പേരിടുന്നത് നന്നായിരിക്കുമെന്ന് നിർദ്ദേശിച്ചത് ബിൽചർച്ചയിൽ പി.കെ. അബ്ദുറബ്ബാണ്. യൂണിവേഴ്സിറ്റി സീലും ഉത്തരക്കടലാസും ലഭ്യമാക്കുന്ന ഓഫ് കാമ്പസ് ഓരോ എസ്.എഫ്.ഐക്കാരന്റെ വീട്ടിലും തുറക്കുന്നത് ഇതാദ്യമാണെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. ഉഴപ്പിനടന്ന് കാര്യം സാധിക്കുന്ന പഴയകാലം അസ്തമിച്ചെന്നാണ് എ. പ്രദീപ്കുമാർ പറയുന്നത്. അക്കാഡമിക് മികവിനായി മന്ത്രി ജലീൽ നടത്തിവരുന്ന പരിഷ്കാരങ്ങൾ സഹിക്കാത്തവരാണ് ആരോപണമുന്നയിക്കുന്നതെന്ന് അദ്ദേഹം കരുതുന്നു. ഇനിയും നല്ല ഇടപെടലുണ്ടാവണമെന്നും അപ്പോൾ ഇതിനെക്കാൾ വലിയ ആരോപണങ്ങൾ നേരിടേണ്ടി വന്നാലും ജനങ്ങൾ ഒപ്പമുണ്ടാകുമെന്നും പ്രദീപ്കുമാർ മന്ത്രിയെ ഉത്തേജിപ്പിച്ചു. സി.പി.എം പി.ബിയിൽ വിമർശനമെന്ന വാർത്തയെ മുഖ്യമന്ത്രി പിണറായി വിജയൻ തൊണ്ടിസഹിതം തള്ളി. പി.ടി. തോമസ് ചോദ്യോത്തരവേളയിൽ ഇതെടുത്തിട്ടപ്പോൾ ഹൈക്കമാൻഡ് പോലെയല്ല പി.ബിയെന്ന ഉപദേശം ഉടൻ മുഖ്യമന്ത്രി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |