തിരുവനന്തപുരം: കേരള സർവകലാശാല മോഡറേഷൻ തട്ടിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെയായിരിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മിഷണർക്ക് ഡി.ജി.പി നിർദ്ദേശം നൽകി. അതിനിടെ, സോഫ്‌റ്റ്‌വെയറിലെ പിശക് പരിഹരിക്കണമെന്ന് മുൻ വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്‌ണൻ ഇറക്കിയ ഉത്തരവ് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്രൻ പൂഴ്ത്തിയതായി അന്വഷണത്തിൽ കണ്ടെത്തി. 2016 നവംബർ19ന് സോഫ്‌റ്റ്‌വെയറിലെ പിഴവുകളെക്കുറിച്ച് പരീക്ഷാ കൺട്രോളർ വി.സിക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്നായിരുന്നു 2017 ഫെബ്രുവരി 8ന് വി.സിയുടെ ഉത്തരവ്. എന്നിട്ടും വിനോദ്ചന്ദ്രൻ പിശക് മാറ്റാൻ നടപടിയെടുത്തില്ല. ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് വി.സി, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്ക് ഇന്നലെ നോട്ടീസ് നൽകി. ഡയറക്ടർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.
അതേസമയം, കേരള സർവകലാശാല മാർക്ക് തട്ടിപ്പ് വിവാദത്തിൽ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. എന്താണ് സർവകലാശാലയിൽ നടക്കുന്നതെന്നും മാർക്ക് തട്ടിപ്പിൽ എന്തൊക്കെ നടപടികളെടുത്തെന്നും ഗവർണർ ചോദിച്ചു. സാങ്കേതിക സമിതിയുടെയും ആഭ്യന്തര സമിതിയുടെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ നൽകിയെന്നും ഗവർണറെ വി.സി അറിയിച്ചു. വി.സിയുടെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ച ഗവർണർ, പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമടക്കം സർവകലാശാലയുടെ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും പിഴവുകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. കടുത്ത തുടർനടപടികളുണ്ടാവണമെന്നും നിർദ്ദേശിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കേരള സർവകലാശാലാ വൈസ് ചാൻസലറുടെ ശുപാർശ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നേരത്തെ പറഞ്ഞിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും ഇത്തരമൊരു ശുപാർശ ലഭിച്ചിട്ടില്ലെന്നാണ് താൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ശുപാർശ ലഭിച്ചാലുടൻ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കും ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. അതേസമയം ക്രൈംബ്രാഞ്ചിന് രണ്ട് ശുപാർശ നൽകിയെന്നായിരുന്നു വി.സിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |