മുംബയ് : മഹാരാഷ്ട്രയിൽ ശിവസേന -എൻ.സി.പി- കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. മൂന്നുപാർട്ടികളും കൂടി തിരഞ്ഞെടുപ്പ് വിധിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹർജിക്കാരനായ സുരേന്ദ്ര ഇന്ദ്രബഹാദൂർ സിംഗ് പറയുന്നു. ത്രികക്ഷി സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ശിവസേനയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചാൽ അത് പുഞ്ചി കമ്മീഷന്റെ ശുപാർശയ്ക്ക് എതിരാകുമെന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെട്ട് സർക്കാർ രൂപീകരണം തടയണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം
അതേസമയം ബി.ജെ.പി - ശിവസനേ സഖ്യം തകർന്നത് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. ബി.ജെ.പിയും ശിവസേനയും തമ്മിൽ വലിയ ആശയ വ്യത്യാസങ്ങളില്ല. അങ്ങനെയൊരു സഖ്യം തകർന്നത് രാജ്യത്തിന് മാത്രമല്ല ഹിന്ദുത്വ താത്പര്യങ്ങൾക്കും വലിയ നഷ്ടമാണെന്ന് ഗഡ്‌കരി പറഞ്ഞു.
വെറും അവസരവാദ രാഷ്ട്രീയം മാത്രമാണ് ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യമെന്നും അദ്ദേഹം പരിഹസിച്ചു. മൂന്നു പേരുടെയും ആശയങ്ങള്‍ യോജിച്ചുപോകുന്നതല്ല. മൂന്നു പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിച്ചാലും അത് അധികം മുന്നോട്ടുപോകില്ലെന്നും ഗഡ്‌കരി പറഞ്ഞു.
അതേസമയം, സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയാക്കുകയാണ് ശിവസേന. മുംബയിൽ ശിവസേന എം.എൽ.എമാരുടെ യോഗം പൂർത്തിയായി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേന എം.എൽ.എമാർനിലപാടെടുത്തതായാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |