ഗുവാഹത്തി: ഐ.ഐ.ടി ഗുവാഹത്തിയിൽ ജാപ്പനീസ് വിദ്യാർത്ഥിനി കൊതാ ഒനോഡയെ (22) ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജപ്പാനിലെ ജിഫു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇവർ മൂന്ന് മാസത്തെ എക്സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഐ.ഐ.ടി ഗുവാഹത്തിയിലെത്തിയത്. പ്രോഗാം പൂർത്തിയാക്കി 30ന് ജപ്പാനിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം.
വ്യാഴാഴ്ച വൈകിട്ട് മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ആത്മഹത്യ നടന്നതെന്ന് ഐ.ഐ.ടി ഗുവാഹത്തി പബ്ലിക് റിലേഷൻ ഓഫീസർ വ്യക്തമാക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതോടെ സുഹൃത്തുക്കൾ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ ഇവർ ഐ.ഐ.ടി മേധാവികളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ അധികൃതർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കൊതാ ഒനോഡ തൂങ്ങിമരിച്ച നിലയിയിലായിരുന്നു.
രാജ്യത്തെ മികച്ച ടെക്നിക്കൽ യൂണിവേഴ്സിറ്റികളിൽ ഒന്നായ ഐ.ഐ.ടി ഗുവാഹത്തിയിൽ നേരത്തേയും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. അടുത്തിടെ കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ് ഐ.ഐ.ടി മദ്രാസിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമായിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗുവാഹത്തിയിലും വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |