SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

ട്രംപ് ഇംപീച്ച്മെന്റ് നടപടികളിൽ പങ്കെടുക്കില്ല: വൈറ്റ് ഹൗസ്

Increase Font Size Decrease Font Size Print Page
trump

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നാളെ നടക്കാനിരിക്കുന്ന ഇംപീച്ച്മെന്റ് ഹിയറിംഗിൽ ട്രംപും അഭിഭാഷകരും പങ്കെടുക്കില്ലെന്ന് വൈറ്റ് ഹൗസ്. ഹിയറിംഗിനായി ഹാജരാകാൻ പ്രതിനിധി സഭയുടെ ജുഡിഷ്യറി കമ്മിറ്റി ചെയർമാൻ ജെറോൾഡ് നാദ് ലർ നവംബർ 26ന് ട്രംപിന് കത്തയച്ചിരുന്നു

നീതിപൂർവമല്ലാതെയും അടിസ്ഥാനപരമായ മൂല്യങ്ങൾക്ക് വില കല്പിക്കാതെയുമാണ് ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അഭിഭാഷകൻ പാറ്റ് സിപോലോൺ ജുഡിഷ്യറി കമ്മിറ്റിക്കയച്ച കത്തിൽ കുറ്റപ്പെടുത്തി. ഹിയറിംഗിന് തയ്യാറെടുക്കാൻ ആവശ്യമായ സമയം വൈറ്റ് ഹൗസിന് നൽകുന്നതിൽ ഹൗസ് ജുഡിഷ്യറി കമ്മിറ്റി പരാജയപ്പെട്ടെന്ന് ആരോപിച്ച പാറ്റ് സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും നൽകിയില്ലെന്നും കത്തിൽ കുറിച്ചു. 'ട്രംപിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് നേരിട്ടറിയുന്ന സാക്ഷികളൊന്നുമില്ല. ജുഡിഷ്യറി കമ്മിറ്റി മൂന്ന് സാക്ഷികളെ വിളിച്ചപ്പോൾ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു സാക്ഷിയെ മാത്രം വിളിക്കാനുള്ള അനുമതിയാണ് നൽകിയത്.'- പാറ്റ് പറയുന്നു. ഇംപീച്ച്മെന്റ് നടപടികൾ നീതിപൂർവമാണ് നടക്കുന്നതെന്ന ജുഡിഷ്യറി കമ്മിറ്റി ചെയർമാൻ ജെറോൾഡ് നാദ്ലറിന്റെ അവകാശവാദത്തെ പാറ്റ് വിമർശിച്ചു. ഹിയറിംഗുകളിൽ ട്രംപ് പങ്കെടുക്കണമെങ്കിൽ നീതിപൂർവമായ നടപടികൾ നടക്കുന്നുവെന്ന് നാദ്ലർ ഉറപ്പുവരുത്തണമെന്ന് പാറ്റ് ആവശ്യപ്പെട്ടു.

 പരാതി ഇങ്ങനെ

ഡെമോക്രാറ്റ് നേതാവും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാൻ ഉക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടു. ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ ഉക്രൈന് അമേരിക്ക നൽകുന്ന സൈനിക സഹായം തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയോ എന്നതാണ് അന്വേഷണ വിഷയം. എന്നാൽ, തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ വേട്ടയാടുന്നതിനാണ് ഇംപീച്ച്‌മെന്റ് നടപടികളെന്നുമാണ് ട്രംപിന്റെ പക്ഷം.

TAGS: NEWS 360, NATIONAL, NATIONAL NEWS, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY