കൊല്ലം: ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയ അസി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് മൊബൈൽ ഫോണിലൂടെ ബസുടമയുടെ വധഭീഷണി. കൊട്ടാരക്കര ആർ.ടി.ഒ ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജീഷ് കുമാറാണ് തൊടുപുഴയിലെ ജോഷ് ടൂറിസ്റ്റ് ബസിന്റെ ഉടമ ജോഷിക്കെതിരെ പൊലീസിൽ പരാതി കൊടുത്തത്. വധഭീഷണി മുഴക്കിയതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.
ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നവം. 30ന് കൊട്ടാരക്കര ജംഗ്ഷനിൽ വച്ച് ജോഷ് ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സ്പീഡ് ഗവർണർ പ്രവർത്തിക്കുന്നില്ലെന്ന് ബോദ്ധ്യമായി. പക്ഷേ, കൂടുതൽ പരിശോധനയ്ക്ക് ഡ്രൈവർ അനുവദിച്ചില്ല. യാത്രക്കാരെ മുഴുവൻ ബസിൽ നിന്നിറക്കിയശേഷം ഡ്രൈവർ ബഹളം വച്ചതോടെ അജീഷ് കുമാർ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന് പിന്നാലെ ബസുടമ അജീഷ് കുമാറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ആർ.സി ബുക്കുമായി തന്റെ വീട്ടിൽ വന്നില്ലെങ്കിൽ സർവീസിൽ ഉണ്ടാകില്ലെന്നും കൊലപ്പെടുത്തുമെന്നുമുള്ള ആഡിയോ ക്ലിപ്പ് സഹിതമാണ് അജീഷ് കുമാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. ആർ.ടി.ഒ, ട്രാൻസ്‌പോർട്ട് കമ്മിഷണർ, ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്ക് ഭീഷണി സംബന്ധിച്ച് റിപ്പോർട്ടും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |