തിരുവനന്തപുരം: കണ്ണൂർ അഴീക്കലിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഭൂമിയും പിന്തുണയും നൽകിയിട്ടും പിന്മാറാനുള്ള കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണം. തീരദേശ നിയന്ത്രണ നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം പദ്ധതിക്ക് അനുമതി നൽകണം.
വനം - പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയം അനുമതി നൽകാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി പറഞ്ഞത്. ഇക്കാര്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. കോസ്റ്റ് ഗാർഡ് അക്കാഡമിയുൾപ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പാരിസ്ഥിതികാനുമതി നൽകാമായിരുന്നിട്ടും കേന്ദ്രസർക്കാർ നടപടിയെടുക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടും പാരിസ്ഥിതികാനുമതിയുടെ പേരിൽ കേരളത്തിന്റെ പദ്ധതി ഇല്ലാതാക്കുന്നതിന് ന്യായീകരണമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |