ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് താക്കീത് നൽകിയ സംഭവത്തിൽ ജസ്റ്റിസ് അരുൺമിശ്ര മാപ്പുപറഞ്ഞു. ഇന്നലെ മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, കപിൽ സിബൽ, അഭിഷേക് സിംഗ്‌വി തുടങ്ങിയവർ നേരിട്ട് പ്രതിഷേധമറിയിച്ചപ്പോഴാണ് തുറന്നകോടതിയിൽ ജസ്റ്റിസ് അരുൺമിശ്ര മാപ്പ് പറഞ്ഞത്. അഭിഭാഷകരോട് സംയമനത്തോടെ ഇടപെടണമെന്നും മുതിർന്ന അഭിഭാഷകർ ആവശ്യപ്പെട്ടു. എന്റെ പെരുമാറ്റത്തിൽ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് പറയാൻ തയാറാണ്. ഗോപാൽ ശങ്കരനാരായണന് വളരെ പ്രായം കുറവാണെങ്കിലും ഞാൻ നൂറുതവണ മാപ്പ് പറയുന്നു - അരുൺ മിശ്ര പറഞ്ഞു. ചിലരും മാദ്ധ്യമങ്ങളും തന്നെ വ്യക്തിപരമായി ലക്ഷ്യമിടുന്നു. നിരവധി കേസുകളാണ് കൈകാര്യം ചെയ്യുന്നത്. അതിന്റെ സമ്മർദ്ദത്താൽ എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. അഭിഭാഷകവൃത്തിയെ അമ്മയെപ്പോലെ സ്നേഹിക്കുന്നു. ഒരിക്കൽ പോലും അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അരുൺമിശ്ര ക്ഷമാശീലം കാണിക്കണമെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ് അസോസിയേഷൻ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷകർ ഇന്നലെ അരുൺമിശ്രയുടെ കോടതിയിലെത്തി പ്രതിഷേധമറിയിച്ചത്.
സമാനസംഭവങ്ങൾ കുറച്ചുകാലമായി ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം നേരിട്ടറിയിക്കുന്നതെന്ന് കപിൽ സിബൽ പറഞ്ഞു. ജൂനിയർ അഭിഭാഷകർക്ക് ജസ്റ്റിസ് മിശ്രയുടെ കോടതിയിൽ ഹാജരാകാൻ ഭയക്കുന്നുവെന്ന് മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. അതേസമയം ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് പിന്തുണയുമായി ബാർ കൗൺസിൽ ഒഫ് ഇന്ത്യ രംഗത്തെത്തി. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 24ാം വകുപ്പ് പ്രകാരമുള്ള നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതിയുടെ തന്നെ ഭിന്നവിധികൾക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഗോപാൽ ശങ്കരനാരായണനെ ജസ്റ്റിസ് അരുൺമിശ്ര താക്കീത് ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |