ന്യൂഡൽഹി: കേരളത്തിൽ ആദിവാസികളും, ദളിതുകളും പാവപ്പെട്ടവരും ദുരിതത്തിലാണെന്നും ജനങ്ങളെ ഗൗനിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ കുടുംബസമേതം വിദേശരാജ്യങ്ങൾ കറങ്ങുകയാണെന്നും ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എം.പി. തിരുവനന്തപുരത്ത് പട്ടിണികാരണം കുട്ടികൾ മണ്ണ് തിന്നുവെന്ന വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ലോക്സഭയിലെ ശൂന്യവേളയിൽ ബി.ജെ.പി എം.പിയുടെ വിമർശനം. കേരളം നമ്പർ വൺ സംസ്ഥാനം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വസ്തുതകൾ അതിന് വിരുദ്ധമാണ്. ഭക്ഷണം മോഷ്ടിച്ചുവെന്ന പേരിൽ ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്നത് കഴിഞ്ഞവർഷമാണ്. പട്ടിണികാരണം കുട്ടികൾ മണ്ണ് കഴിച്ചുവെന്ന സംഭവം അടുത്തിടെ സംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരത്താണ് നടന്നത്. അമ്മയിൽ നിന്ന് കുട്ടികളെ മാറ്റിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. ആദിവാസികളും ദളിതുകളും പാവപ്പെട്ടവരും ദുരിതത്തിലാകുമ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ കുടുംബസമേതം വിദേശയാത്ര നടത്തുകയാണ്. ജനങ്ങളെ അവർ പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ ശ്രീദേവിയെന്ന അമ്മയുടെയും ആറു മക്കളുടെയും വിഷയത്തിൽ കേന്ദ്രസർക്കാരും ലോക്സഭയും ഇടപെടണമെന്നും മീനാക്ഷിലേഖി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |