ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിലെ ഹിന്ദുനഗർ ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയും നാല് സുഹൃത്തുക്കളും ചേർന്ന് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. അഞ്ചുപേരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കേസ് ഹിയറിംഗുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന 20 കാരിയെ തടഞ്ഞു നിറുത്തി പ്രതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് സ്ഥലത്തെത്തിയ പൊലീസാണ് പെൺകുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.അവരെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗം ഡൽഹിയിലേക്ക് കൊണ്ടുപോയി. ഇതിനായി എയർ ആംബുലൻസ് അടക്കമുള്ളവ യു.പി സർക്കാർ ഏർപ്പെടുത്തി. യുവതി ചികിത്സയിൽ കഴിഞ്ഞിരുന്ന സിവിൽ ഹോസ്പിറ്റലിൽ നിന്ന് വിമാനത്താവളത്തിലേക്ക് ആംബുലൻസ് അതിവേഗം എത്തിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത അഞ്ച് പേരിൽ മൂന്ന് പേരെ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളു. ബാക്കി രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. മാർച്ച് നാലിനായിരുന്നു പീഡനക്കേസിൽ പൊലീസ് പരാതി രജിസ്റ്റർ ചെയ്തത്. ബി.ജെ.പി എം.എൽ.എ പ്രതിയായ പീഡനക്കേസും പിന്നീട് പെൺകുട്ടിക്കും കുടുംബത്തിനും നേരെ ആക്രമണവും നടന്ന ഉന്നാവിൽ നിന്ന് തന്നെയാണ് പുതിയ വാർത്തയും പുറത്തുവന്നത്.അതിനിടെ, സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബലാത്സംഗക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് മുതൽ യുവതിയുടെ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ നൻകണമെന്നും സംസ്ഥാന പോലീസ് മേധാവി ഒ.പി സിംഗിനോട് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ നിർദ്ദേശിച്ചു.
സഹായമഭ്യർത്ഥിച്ച് ഒാടിയത് ഒരു കിലോമീറ്റർ
യുവതി സഹായം അഭ്യർത്ഥിച്ച് ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃക്‌സാക്ഷി രവീന്ദ്ര പ്രകാശ് ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു. തന്റെ അടുത്തെത്തി കൈയിൽ നിന്ന് മൊബൈൽ ഫോണ്‍ വാങ്ങി യുവതി തന്നെയാണ് പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചതെന്നും അവർ സഹായത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടിരുന്നുവെന്നും രവീന്ദ്ര പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ അവർ പേരു പറഞ്ഞു. ദേഹമാസകലം ഗുരുതരമായ പൊള്ളലേറ്റിരുന്നതിനാൽ ദുർമന്ത്രവാദിനിയാണോ എന്ന് ഭയന്ന് താൻ ഒരു വടി എടുക്കുകപോലും ചെയ്തു. എന്നാൽ അപ്പോഴേക്കും പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നും രവീന്ദ്ര കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |