സൺഗ്രൂർ : അളിയാ,തണുപ്പ് പണി തരുമോ, സമ്പർക്ക് ക്രാന്തി എക്സ് പ്രസിലെ രണ്ട് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ന്യൂഡൽഹി റയിൽവേ സ്റ്റേഷന് പുറത്തേക്കിറങ്ങുമ്പോൾ കേരളത്തിന്റെ സീനിയർ സ്കൂൾ അത് ലറ്റിക് ടീമിലെ അതിവേഗക്കാരൻ സൂര്യജിത്തിനൊരു സംശയം.
പക്ഷേ കൂട്ടുകാരൻ കല്ലടി സ്കൂളിലെ സനൂപിനൊരു സംശയവുമില്ല - പാലക്കാട്ടെ പൊള്ളുന്ന ചൂട് നമുക്കൊരു വിഷയമല്ലല്ലോ പിന്നല്ലേ പഞ്ചാബിലെ തണുപ്പ്. സനൂപിന്റെ ആ ഡയലോഗിലുണ്ട് കേരള ടീമിന്റെ ഇപ്പോഴത്തെ മൂഡ്.
സബ് ജൂനിയർ - ജൂനിയർ ടീമുകളെ വെള്ളം കുടിപ്പിച്ച പഞ്ചാബിലെ തണുപ്പിനെ പോരാട്ട വീര്യം കൊണ്ട് മറികടന്ന് ദേശീയ സ്കൂൾ അത് ലറ്റിക് കിരീടം നിലനിറുത്താൻ ആടിയും പാടിയും ആഘോഷമായി കേരളത്തിന്റെ സീനിയേഴ്സ് ഇന്നലെ രാത്രിയോടെ സൺഗ്രൂറിലെത്തി.
ട്രിപ്പ് മൂഡ് , ചിൽ ധാബ ഫുഡ്
ഡൽഹിയിൽ നിന്ന് രണ്ട് ടൂറിസ്റ്റ് ബസുകളിലായാണ് ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ 67 അംഗ കേരള ടീം 300 കിലോ മീറ്റർ അപ്പുറമുള്ള സൺ ഗ്രൂറിലേക്ക് യാത്ര തിരിച്ചത്. ടീമിലെ ആറ് താരങ്ങൾ നേരത്തെ തന്നെ സൺ ഗ്രൂറിലെത്തിയിരുന്നു. 32 താരങ്ങൾ ഉൾപ്പെട്ട പെൺകുട്ടികളുടെ സംഘം ഒരു ബസിലും 33 പേരുൾപ്പെട്ട ആൺകുട്ടികളുടെ സംഘം മറ്റൊരു ബസിലുമായായിരുന്നു യാത്ര. ജനറൽ മാനേജർ മുഹമ്മമദലിയുടെയും മാനേജർ അനീഷ് തോമസിന്റെയും നേതൃത്വത്തിലുള്ള ഒഫീഷ്യൽസും ടീമിനൊപ്പമുണ്ടായിരുന്നു. ട്രെയിൻ യാത്രയുടെ ആലസ്യത്തിലായിരുന്നു യാത്രയുടെ തുടക്കത്തിൽ കുട്ടികൾ. പലരും ഉറക്കം. ഉണർന്നിരുന്നവർ ഡൽഹിയുടെ മനോഹര കാഴ്ചകൾ മൊബൈൽ കാമറയിൽ പകർത്തിയും പാട്ടുകേട്ടുമിരുന്നു.എന്നാൽ ബസ് ഡൽഹി അതിർത്തി കടന്ന് ഹരിയാനയിലെ മുർത്താലിലെ പ്രസിദ്ധമായ ഹരി ധാബയിൽ എത്തിയതോടെ ട്രാക്ക് മാറി. അവിടത്തെ ചൂട് റൊട്ടിയും സബ്ജിയും പയർ കറിയും ചായയും കുട്ടികളുടെ ക്ഷീണം അകറ്റി. പിന്നീട് സെൽഫിയും ധാബയ്ക്കുക്കുള്ളിൽ തന്നെയുള്ള കടയിലെ ഗെയിമുകളിലും പങ്കെടുത്ത് എല്ലാവരും ആഘോഷ തിമിർപ്പിലായി. വൈകിട് 5.45 ഓടെ അവിടുന്ന് യാത്ര തിരിക്കുമ്പോൾ നാട്ടിൽ 7മണി ആയപോലെ ഇരുട്ട് വീണു. പിന്നീട് പാട്ടും ഡാൻസുമൊക്കെ കഴിഞ്ഞ് ഉറക്കച്ചടവോടെ 9.30 ഓടെ ബസ് സൺ ഗ്രൂറിലെ
ടീം ക്യാമ്പിലെത്തുമ്പോൾ ക്യാമ്പ്ഫയറും ബിരിയാണിയുമൊക്കെയായി സബ് ജൂനിയർ - ജൂനിയർ ടീമംഗങ്ങൾ കാത്തു നില്പുപുണ്ടായിരുന്നു.
അവർ ഇന്ന് രാവിലെ നാട്ടിലേക്ക് തിരിക്കും.
പോരാട്ടം നാളെ മുതൽ
ദേശീയ സീനിയർ സ്കൂൾ അത് ലറ്റിക് മീറ്റിന് നാളെ സൺ ഗ്രൂ റിലെ വാർ ഹീറോ സ്റ്റേഡിയത്തിൽ തുടക്കമാകും. സബ് ജൂനിയർ - ജുനിയർ മത്സരങ്ങൾ അവസാനിക്കുമ്പോൾ കേരളം നാലാം സ്ഥാനത്താണ്. എന്നാൽ സീനിയേഴ്സിന്റെ കരുത്തിൽ ഓവറാൾ ചാമ്പ്യൻമാരാകാമെന്ന പ്രതീക്ഷയിലാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |