ന്യൂഡൽഹി: പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനങ്ങളെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള വിവാദ പൗരത്വ ഭേദഗതി ബിൽ ലോക് സഭ പാസാക്കി.. 391 അംഗങ്ങൾ പങ്കെടുത്ത് വോട്ടെടുപ്പിൽ 311 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. 80 പേർ ബില്ലിനെ എതിർത്തു. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിനിട്ട് തള്ളി.എഴുമണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ പാസായത് ബിൽ പാസായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. അമിത് ഷായും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. 82നെതിരെ 293 വോട്ടുകൾക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. ശിവസേനയും വൈ.എസ്.ആർ കോൺഗ്രസും ബില്ലിനെ അനുകൂലിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ പറഞ്ഞു. തങ്ങൾ അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അഞ്ചു വർഷവും തങ്ങളെ കേട്ടിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നിയമനിർമാണമാണിതെന്നും മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്ല് തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും പ്രതിപക്ഷം വിമർശിച്ചു. ഇന്ത്യൻ പൗരത്വം നൽകുന്നതിൽ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കിയെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോൾ ,ബില്ലിൽ മുസ്‌ലീങ്ങളെന്ന പരാമർശം പോലുമില്ലെന്ന് അമിത് ഷാ മറുപടി നൽകി. ശ്രീലങ്കൻ തമിഴ് വംശജരെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങൾ തുടക്കത്തിൽ തന്നെ സഭയിൽ നിന്നിറങ്ങിപ്പോയി.
രാവിലെ ബില്ലിനെതിരെ മുസ്‌ലിംലീഗ് എം.പിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. കൊടിക്കുന്നിൽ സുരേഷ്, എ.എം ആരിഫ്, എൻ.കെ പ്രമേചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ട് നോട്ടീസ് നൽകി. നോട്ടീസിൽ എതിർക്കുന്നതിന്റെ കാരണം വ്യക്തമാക്കാത്തതിനാൽ ആരിഫിന് സംസാരിക്കാൻ അനുമതി ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |