കൊച്ചി: സുനിതയമായി തെറ്റിപ്പിരിയുകയും പൊലീസ് പിടികൂടുമെന്ന് ഉറപ്പാകുകയും ചെയ്‌തതോടെ പ്രേംകുമാർ ഇന്നലെ ദുബായിലേക്ക് കടക്കാനുള്ള അവസാന ഒരുക്കത്തിലായിരുന്നു. സുനിത വെള്ളറടയിലെ വീട്ടിലേക്ക് മടങ്ങിയപ്പോൾ കളിയിക്കാവിളയിലെ വാടകവീട് പ്രേംകുമാർ ഒഴിഞ്ഞിരുന്നു. പിന്നീട് താമസം ഹോട്ടലുകളിലേക്ക് മാറ്റി. പിടിയിലാവാതിരിക്കാൻ പകൽ മുഴുവൻ യൂബർ ടാക്‌സിയിൽ കറങ്ങും.
തിരുവനന്തപുരത്തെ സ്‌കൂളുകളിൽ ചേർത്ത രണ്ടു മക്കളെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റാൻ കാലതാമസമുണ്ടായതാണ് ദുബായ് യാത്ര വൈകിപ്പിച്ചത്. 14 വയസുള്ള പെൺകുട്ടിയെ പ്രേംകുമാറിന്റെ അച്ഛൻ കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പത്തു വയസുള്ള മകനെ കൊണ്ടുപോയില്ല. കുട്ടിയെ അനാഥാലയത്തിലാക്കാൻ വൈകിയതോടെ പ്രേംകുമാറിന്റെ പദ്ധതികൾ പാളി. അപ്പോഴേക്കും പൊലീസ് തൊട്ടടുത്ത് എത്തിയിരുന്നു.
കുട്ടിയെ താമസിപ്പിച്ച അനാഥാലയത്തിലെ മാനേജരോട് യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
പിടിയിലാകുമ്പോൾ പ്രേംകുമാറിന്റെ കൈയിൽ 91,000 രൂപയുണ്ടായിരുന്നു.
മക്കൾക്ക് സ്നേഹം അമ്മയോട്
എറണാകുളത്തെ സ്‌കൂളിൽ നിന്ന് മകളെയും മകനെയും ഈ മേയിലാണ് ഉദയംപേരൂരിലെ സ്‌കൂളിലേക്ക് മാറ്റിയത്. അമ്മയോടായിരുന്നു ഇരുവർക്കും അടുപ്പമെന്ന് ടീച്ചർമാർ പറഞ്ഞു. പഠിക്കാൻ മിടുക്കരായ രണ്ട് കുട്ടികളും ടീച്ചർമാർക്കും പ്രിയപ്പെട്ടവരായിരുന്നു.
പ്രേംകുമാർ വീട് പൂട്ടിപ്പോയതിനാൽ ഓണപ്പരീക്ഷയെഴുതിക്കാൻ വിദ്യയാണ് മക്കളെ സ്‌കൂളിൽ കൊണ്ടുവന്നിരുന്നത്. അവർ സ്‌കൂളിൽ കാത്തിരുന്ന് മക്കളെ മടക്കി കൊണ്ടുപോകും. എങ്കിലും മുഴുവൻ പരീക്ഷയും എഴുതിയിട്ടില്ല. കുടുംബപ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിച്ചെങ്കിലും ടീച്ചർമാരോട് ഭർത്താവിനെക്കുറിച്ച് കുറ്റമൊന്നും പറഞ്ഞിരുന്നില്ല. മറിച്ചായിരുന്നു പ്രേംകുമാർ. അമ്മ മരിച്ച കാര്യം അറിയാത്ത മക്കളെയും കൂട്ടിയെത്തി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റമായെന്ന് പറഞ്ഞ് ഒക്ടോബർ 14നാണ് ഇയാൾ ടി.സി വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |