കാസർകോട്: പെരിയയിൽ ചെറുവിമാനങ്ങൾ പറത്താനും ഇറങ്ങാനുമുള്ള എയർസ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. 8, 12, 22, 72 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇവിടെ സർവ്വീസ് നടത്തുക. സ്വകാര്യ സംരഭമാണെങ്കിലും സംസ്ഥാന സർക്കാരാണ് സ്ഥലം ഏറ്റെടുത്തുനൽകേണ്ടത്. അതിനുള്ള നടപടി വേഗത്തിൽ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതു സംബന്ധിച്ച സർവേ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. 80.41 ഏക്കർ സ്ഥലമാണ് ചെറുവിമാനത്താവളത്തിനും അനുബന്ധ സൗകര്യങ്ങൾക്കും വേണ്ടത്. ഇതിൽ 54.12 ഏക്കർ റവന്യൂ ഭൂമി നിലവിലുണ്ട്. ബാക്കിവരുന്ന 26.29 ഭൂമി വില കൊടുത്ത് വാങ്ങേണ്ടിവരും.
കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സ്ഥലം വാങ്ങാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി. സി. ബഷീർ പറഞ്ഞു. ബേക്കൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെരിയ വില്ലേജിലെ കനിയംകുണ്ടിലാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടിയുടെ (സി.ഐ.എ.എൽ) വിദഗ്ദ്ധ സംഘം നേരത്തെ സ്ഥലം സന്ദർശിച്ച് ചെറുവിമാനത്താവളത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി പ്രതിനിധി കെ.എൻ.ജി നായർ എയർസ്ട്രിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും ജില്ലാ കളക്ടറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 75 കോടി രൂപയാണ് വിമാനത്താവള നിർമ്മാണത്തിന് വേണ്ടിവരിക.1400 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള റൺവെയാണ് വേണ്ടത്. സ്വകാര്യ സംരംഭകരും പ്രവാസികളും കമ്പനികളും വിമാനത്താവള നിർമ്മാപണവുമായി സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |