തിരുവനന്തപുരം: സിനിമയെന്ന ഒറ്റവികാരത്തിനു മുന്നിൽ ഒത്തുചേർന്ന ദിവസങ്ങൾക്ക് പരിസമാപ്തി. ലോക സിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതകളും കാണികൾക്ക് പകർന്നുനൽകി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 24-ാം പതിപ്പിന് തിരശീല വീണു. സിനിമകളുടെ സെലക്ഷനിലെ മികവും കാണികളുടെ പങ്കാളിത്തവും കൊണ്ട് സജീവമായിരുന്ന മേളയുടെ പ്രതിനിധികളായി 10,500 പേരാണ് ഇക്കുറി തലസ്ഥാന നഗരത്തിൽ എത്തിയത്. നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനത്തോടെയാണ് ചലച്ചിത്ര മേളയ്ക്ക് സമാപനമായത്. സിനിമ പ്രേമികൾക്ക് ഇനി ഒരാണ്ടത്തെ കാത്തിരിപ്പ്.
എട്ടുദിവസം നീണ്ടുനിന്ന മേളയിൽ മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോകസിനിമ, കൺട്രി ഫോക്കസ് തുടങ്ങി 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 7 സിനിമകളും പ്രദർശിപ്പിച്ചു. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
ഇഷ്ടം നേടി പാരസൈറ്റ്, നോ ഫാദേഴ്സ് ഇൻ കാശ്മീർ
ഔട്ട്സ്റ്റാൻഡിംഗ് എന്നതിനെക്കാൾ നിലവാരം പുലർത്തിയ സിനിമകളെക്കൊണ്ട് സമ്പന്നമായ മേള എന്നാണ് ഇക്കുറി ഐ.എഫ്.എഫ്.കെയ്ക്ക് ചേരുന്ന വിശേഷണം. കൊറിയൻ ചിത്രം പാരസൈറ്റ്, ഇന്ത്യൻ ചിത്രം നോ ഫാദേ്ഴ്സ് ഇൻ കാശ്മീർ എന്നിവ ആദ്യ പ്രദർശനം കൊണ്ടു തന്നെ മേളയിൽ ഏറ്റവും അഭിപ്രായം നേടിയ ചിത്രങ്ങളായി. തുടർന്നുള്ള പ്രദർശനങ്ങളിലും ഈ സിനിമകൾക്ക് വലിയ തിരക്കായിരുന്നു.
ഡെസ്പൈറ്റ് ദി ഫോഗ്, കാമിൽ, അവർ മദേഴ്സ്, ആൾ ദിസ് വിക്ടറി, ആനി മാനി, മായിഘട്ട്, ഐഫ സ്ട്രീറ്റ്, ആദം, സൺസ് ഒഫ് ഡെൻമാർക്ക്, ഡീപ് വെൽ, ബലൂൺ, പാസ്ഡ് ബൈ സെൻസർ, ഡീഗോ മറഡോണ, ഡോർ ലോക്ക്, കേവ്, മേയ്ഡ് ഇൻ ബംഗ്ലാദേശ്, ജസ്റ്റ് 6.5, ഹെല്ലാരോ, ജല്ലിക്കട്ട്, അക്സോൺ, ദി പ്രൊജക്ഷനിസ്റ്റ്, ദി ക്വിൽറ്റ്, ആൾ ദിസ് വിക്ടറി, അപാർട്ട് ടുഗദർ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിച്ച നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.
തിരഞ്ഞെടുക്കാൻ ഒട്ടനവധി സിനിമകളുള്ളതുകൊണ്ടു തന്നെ ഏതെങ്കിലും ഒന്നോ രണ്ടോ തിയേറ്ററുകളിലേക്ക് തിരക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥ ഇക്കുറിയുണ്ടായില്ല. പ്രദർശനത്തിനുണ്ടായിരുന്ന 14 തിയേറ്ററുകളിലും അവസാന ദിവസം വരെ കാഴ്ചക്കാരുണ്ടായിരുന്നു. പതിവുപോലെ മത്സരവിഭാഗം, ലോകസിനിമ വിഭാഗത്തിലെ സിനിമകൾ കാണാനായിരുന്നു കാണികൾ താത്പര്യം കാണിച്ചത്. മത്സര വിഭാഗത്തേക്കാൾ ലോകസിനിമ വിഭാഗത്തിലുള്ളവയാണ് മികച്ചു നിന്നതെന്നാണ് കാണികളുടെ പൊതു അഭിപ്രായം. ലോകത്തെ മുൻനിര ചലച്ചിത്രമേളകളായ കാൻ, വെനീസ്, ടൊറന്റോ, ബെർലിൻ, ബുസാൻ, റോട്ടർഡാം, സാൻ സെബാസ്റ്റ്യൻ ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ തിരഞ്ഞെടുത്തു കാണാനും കാണികൾ ശ്രദ്ധിച്ചു. സമകാലിക ലോകസിനിമയിലെ മഹാരഥന്മാരായ പെദ്രോ അൽമോദോവർ, മുഹ്സിൻ മക്മൽബഫ്, മൈക്കേൽ ഹനേക, കെൻ ലോച്ച്, ഫത്തിഹ് അകിൻ, കോസ്റ്റ ഗാവ്രാസ്, ഏലിയ സുലൈമാൻ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിരുന്നു.
ചർച്ച ചെയ്യപ്പെട്ട് മത്സര വിഭാഗം സിനിമകൾ
മേളയിൽ ഏറ്റവുമധികം ശ്രദ്ധനേടുന്ന മത്സരവിഭാഗത്തിൽ വ്യത്യസ്ത പ്രമേയ പരിസരങ്ങൾ കൊണ്ടും ചർച്ചചെയ്യുന്ന സവിശേഷമായ രാഷ്ട്രീയം കൊണ്ടും പ്രസക്തമായ പതിനാല് സിനിമകളാണ് പ്രദർശിപ്പിച്ചത്.
ലബനനിലെ ഹിസ്ബുല്ല-ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ തോക്കിൻകുഴലിനു മുന്നിലെ മനുഷ്യന്റെ അതീജീവനകഥ പറയുന്ന അഹമ്മദ് ഗൊസൈന്റെ ലെബനീസ് ചിത്രം ആൾ ദിസ് വിക്ടറി, ആഫ്രിക്കൻ റിപ്പബ്ലിക്കുകളിലെ ആഭ്യന്തര കലാപത്തിനിടയിൽ വനിത ഫോട്ടോഗ്രാഫറുടെ കാമറാക്കണ്ണുകളിലൂടെ കലാപ ഭൂമികയെ അടയാളപ്പെടുത്തുന്ന ബോറിസ് ലോജ്കിന്റെ ഫ്രഞ്ച് ചിത്രം കാമിൽ, ഗ്വാട്ടിമാലയിലെ ആഭ്യന്തര കലാപത്തിനുശേഷമുള്ള വിചാരണയും ഇരകളുടെ നേരനുഭവങ്ങളും വിഷയമാകുന്ന അവർ മദേഴ്സ്, അറവുകാരനിൽ നിന്ന് രക്ഷപ്പെട്ടോടുന്ന പോത്തിന്റെ പിന്നാലെയുള്ള ഓട്ടത്തിനിടയിൽ പുറത്തുവരുന്ന മനുഷ്യന്റെ ഹിംസാത്മകതയും ആദിമ ചോദനകളും പ്രമേയമാകുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലയാള ചിത്രം ജല്ലിക്കട്ട്, എലിസോ എന്ന സിനിമാ ഓപ്പറേറ്റർ സിനിമാ റീലിലെ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതിലൂടെ മനുഷ്യബന്ധത്തിന്റെ ദൃഢതയെ ഓർമ്മപ്പെടുത്തുന്ന ജോസ മരിയ കബ്രാലിന്റെ ദി പ്രൊജക്ഷനിസ്റ്റ്, ബീഫ് ഒരു രാഷ്ട്രീയ വിഷയമായ ഇന്ത്യയിലെ വർത്തമാന കാലത്തെ അടയാളപ്പെടുത്തുന്ന ഫർഹാൻ ഇർഷാദിന്റ ഇന്ത്യൻ ചിത്രം 'ആനി മാനി' തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകാഭിപ്രായത്തിൽ മുന്നിലെത്തി.
ടാഗോർ, കൈരളി, ധന്യ തിയേറ്ററുകളിലായിരുന്നു മത്സര വിഭാഗം സിനിമകൾ പ്രദർശിപ്പിച്ചത്.
പരാതികൾ കുറവ്
സീറ്റിനെച്ചൊല്ലിയുള്ള ചില്ലറ കശപിശകളൊഴിച്ചാൽ പൊതുവേ പരാതികളും സംഘർഷങ്ങളും കുറഞ്ഞ മേളയായിരുന്നു ഇത്തവണത്തേത്. ആദ്യ മൂന്നു ദിവസത്തെ പ്രദർശനം കഴിഞ്ഞതോടെ മികച്ച ചിത്രങ്ങളെപ്പറ്റി അഭിപ്രായം വന്നു. മികച്ച സിനിമകൾ കാണാൻ ആളുകൾ തിരക്കു കൂട്ടിയതോടെ തിയേറ്ററുകളിൽ സീറ്റ് തികയാതായി. നിലത്തിരുത്തി സിനിമ കാണിക്കില്ലെന്ന് സംഘാടകർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മികച്ച അഭിപ്രായം നേടിയ പാരസൈറ്റ് അടക്കമുള്ള സിനിമകൾ കാണാൻ ടാഗോറിൽ സീറ്റ് കിട്ടാതായതോടെ ആളുകൾ നിലത്തിരിക്കാൻ തുനിയുകയും ഇത് നേരിയ വാക്കേറ്റത്തിലേക്ക് നയിക്കുകയും ചെയ്തു. കലാഭവൻ തിയേറ്റിലും സമാന രീതിയിലുള്ള പ്രശ്നമുണ്ടായതോടെ തിരക്കു കൂടുതലുള്ള സിനിമകൾക്ക് ക്യൂവിൽ വച്ചു തന്നെ സംഘാടകരും തിയേറ്റർ ഉടമകളും കാണികളെ കാര്യം പറഞ്ഞു മനസ്സിലാക്കി തിരക്ക് നിയന്ത്രിച്ചു. മികച്ച അഭിപ്രായം നേടിയ സിനിമകൾക്ക് ഓപ്പൺ തിയേറ്ററായ നിശാഗന്ധിയിൽ പ്രത്യേക പ്രദർശനമൊരുക്കിയും തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ ശ്രദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |