കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ തുടരുകയാണെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക മാത്രമാണ് മുൻപിലുള്ള വഴിയെന്ന് ബി.ജെ.പി. പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ബംഗാൾ മുഖ്യമന്ത്രിയുടെ 'പ്രീണന രാഷ്ട്രീയ'മാണ് പ്രവർത്തിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. നിയന്ത്രണാതീതമായി തുടരുന്ന പ്രക്ഷോഭങ്ങളെ വരുതിയിൽ വരുത്താൻ മമത ബാനർജി യാതൊന്നും തന്നെ ചെയ്യുന്നില്ലെന്നും സിൻഹ പറഞ്ഞു.
'ഞങ്ങൾ(ബി.ജെ.പി) ഒരിക്കലും രാഷ്‌ട്രപതി ഭരണത്തെ അനുകൂലിക്കുന്നവരല്ല. എന്നാൽ ഇത്തരത്തിലുള്ള അരാജകത്വം ബംഗാളിൽ തുടരുകയാണെകിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുക എന്നതല്ലാതെ മറ്റൊരു വഴിയും ഞങ്ങൾക്ക് മുൻപിൽ ഉണ്ടാകില്ല. സംസ്ഥാനം ആകമാനം കത്തുമ്പോൾ തൃണമൂൽ സർക്കാർ അത് കണ്ടുനിന്നനിൽക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ബംഗാളിലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലീങ്ങളല്ല, ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞുകയറ്റക്കാർ ആണ് ആക്രമണങ്ങൾക്ക് പിന്നിൽ. ഇവർ കാരണം തങ്ങളുടെ പേര് കൂടി ചീത്തയാകാതിരിക്കാൻ ബംഗാളിലെ മുസ്ലീങ്ങൾ ശ്രദ്ധിക്കണം.' രാഹുൽ സിൻഹ പറഞ്ഞു.
പ്രക്ഷോഭകാരികളെ നിലയ്ക്ക് നിർത്താനുള്ള കഴിവ് മമത ബാനർജിക്ക് നഷ്ടമായിരിക്കുകയാണെന്നും തൃണമൂൽ മനപൂർവം പ്രക്ഷോഭകരെ ഇളക്കി വിടുകയാണെന്നും അക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മമത സർക്കാർ മടി കാട്ടുകയാണെന്നും സിൻഹ വിമർശിച്ചു. മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ മമത ഈവിധത്തിൽ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ രീതി മമതയെ തിരിച്ച് കൊത്തിയിരിക്കുകയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ സംയമനം പാലിക്കണമെന്നും സമാധാന മാർഗങ്ങൾ സ്വീകരിക്കണമെന്നും പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത ബാനർജി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |