ന്യൂഡൽഹി: പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഒരു തുറന്ന യുദ്ധം ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് റിട്ട.എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു. പാകിസ്ഥാന്റെ പ്രധാന പ്രതിരോധസേനയെ ലക്ഷ്യമാക്കി ഒരു യുദ്ധത്തിന് ഇന്ത്യൻ വ്യോമസേന തയ്യാറാണെന്നും അത് അതിർത്തി രേഖയിൽ നിൽക്കുന്ന സൈനികർക്കെതിരെ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലാക്കോട്ടിലെ ആക്രമണം പാകിസ്ഥാനും ജയ്ഷെ മുഹമ്മദിനും ഒരു മുന്നറിയിപ്പാണ്, അത്തരത്തിൽ ഒരു ആക്രമണം അത് എവിടെ എപ്പോൾ വേണമെങ്കിലും നടക്കാമെന്ന സന്ദേശം. അത് പാക് അധിനിവേശ കശ്മീരിലോ പാകികിസ്ഥാനിലോ ആകാം–അദ്ദേഹം സൂചിപ്പിച്ചു. മിഗ്–21യുദ്ധവിമാനത്തിൽ പാക് ക്യാംപുകൾക്കെതിരെ ആക്രമം അഴിച്ചുവിട്ട വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ വീഴ്ത്തിയതു സാങ്കേതികതയിലെ പാളിച്ചകൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നതായും ധനോവ വ്യക്തമാക്കി. 'രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മാത്രമേ അറിയേണ്ടിയിരുന്നുള്ളു–തിരിച്ചടി എങ്ങനെ, എവിടെവച്ച്?'- എന്നായിരുന്നെന്നും ചണ്ഡീഗഢിൽ നടക്കുന്ന മിലിട്ടറി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകൾ ഇന്ത്യൻ സേന തകർത്തതിനു പിറ്റേദിവസമായ ഫെബ്രുവരി 27ന് പാകിസ്ഥാൻ വ്യോമസേന നടത്തിയ സൈനിക ആക്രമണങ്ങൾ പാകിസ്ഥാനെ ലക്ഷ്യമിടുന്നതിനു വഴിയൊരുക്കി. ഇത് തങ്ങളുടെ ശക്തിയും കഴിവും തെളിയിക്കാനുള്ള ഒരു അവസരം മാത്രമായിരുന്നെന്നും അതൊരിക്കലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാനുള്ള ശ്രമമല്ലെന്നുമാണ് പാകിസ്ഥാൻ ഇപ്പോഴും അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |